മുഖം മാറാനൊരുങ്ങി മഞ്ഞുമ്മൽ വായനശാല

Wednesday 05 November 2025 1:02 AM IST
ജി.സി.ഡി.എ തയ്യാറാക്കിയ ലേ ഔട്ട്

കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലക്ക് കെട്ടിലും മട്ടിലും ആധുനികമുഖം നൽകി അയ്യംകുളത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ ജി.സി.ഡി.എ ഒരുങ്ങുന്നു. അതിന്റെ ആഹ്ലാദത്തിലാണ് അക്ഷര സ്നേഹികൾ. കുളത്തിന് മുകളിലായിരിക്കും വായനശാലാ കെട്ടിടം നിർമ്മിക്കുക. ഒരു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. മഞ്ഞുമ്മൽ പയ്യപ്പിള്ളി ബാലൻ സാംസ്കാരിക കേന്ദ്രം (അയ്യംകുളം പാർക്ക് ) വികസനവുമായി ബന്ധപ്പെട്ട് ഏലൂർ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ജി.സി.ഡി.എ ഉദ്യോഗസ്ഥരും സൈറ്റ് വിസിറ്റ് നടത്തിയിരുന്നു. തുടർന്ന് തയ്യാറാക്കിയ ലേ ഔട്ടിന് എൻ. ഒ.സി നൽകാൻ കഴിഞ്ഞ ദിവസം കൂടിയ കൗൺസിൽ യോഗം തീരുമാനിച്ചു.

മഞ്ഞുമ്മൽ ഗ്രാമീണ വായനശാല

1954 മുതൽ 1979 വരെ പ്രവർത്തിച്ച് പിന്നീട് ഒരു പുസ്തകം പോലും അവശേഷിക്കാതെ നാമാവശേഷമായ ഗ്രന്ഥശാലയുടെ ' ഗ്രാമീണ വായനശാല" എന്ന പേര് മാത്രം സ്വീകരിച്ച് 2009 ൽ വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നു.

മഞ്ഞുമ്മലിൽ വായനശാല, ഓപ്പൺജിം, വാക് വേ, വാഷ് റൂം തുടങ്ങിയവ ഉണ്ടായിരിക്കും. ചരിത്രകാരനും മാദ്ധ്യമ പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ പയ്യപ്പിള്ളി ബാലന്റെ സ്മരണ നിലനിറുത്തുക എന്നതും ഇതിന്റെ ഭാഗമാണ്

കെ. ചന്ദ്രൻ പിള്ള

ചെയർമാൻ

ജി.സി.ഡി.എ

മാർക്കറ്റിനകത്ത് പ്രവർത്തിക്കുന്ന വായനശാലയാണ്. വേണ്ടത്ര സൗകര്യങ്ങളില്ല എന്ന പരാതികൾ പരിഹരിക്കാനാണ് ആധുനിക സൗകര്യങ്ങളോടെ അയ്യംകുളത്തിന് മുകളിലായി മാറ്റിസ്ഥാപിക്കുന്നത്.

എ.ഡി. സുജിൽ

ചെയർമാൻ

ഏലൂർ നഗരസഭ

പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന വായനശാലയാണ്. നല്ല തീരുമാനം കൈക്കൊണ്ട കെ. ചന്ദ്രൻ പിള്ളയെയും നഗരസഭയെയും പ്രശംസിക്കുന്നു.

ഡി. ഗോപിനാഥൻ നായർ

വായനശാലാ പ്രസിഡന്റ്