എസ് ഐ ആര്‍ കേരളത്തില്‍ അനിവാര്യം: രാജീവ് ചന്ദ്രശേഖര്‍

Tuesday 04 November 2025 6:43 PM IST

തിരുവനന്തപുരം : യു.പി.എ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആധാര്‍ അപക്വമായ രാഷ്ട്രീയ സമീപനവും കഴിവു കെട്ട സാങ്കേതികതയും സമന്വയിച്ച സംവിധാനമായിരുന്നുവെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിരീക്ഷണം ശരിവച്ച് പുറത്തു വന്ന കണക്കുകള്‍. കേരളത്തിലെ ജനസംഖ്യയെക്കാള്‍ അരക്കോടിയിലധികം ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്ന വിവരം നടുക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആധാറിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി വോട്ടര്‍ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയെന്നും ബുധനാഴ്ച്ച കേരളത്തില്‍ ആരംഭിക്കുന്ന എസ് ഐ ആര്‍ ഏറെ അനിവാര്യമായ പ്രക്രിയയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനസംഖ്യ 3.60 കോടിയാണ്. എന്നാല്‍ കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്ന ആധാര്‍ കാര്‍ഡുകളുടെ എണ്ണം 4.10 കോടിയും. കേരളത്തില്‍ 49 ലക്ഷത്തിലധികം ആധാര്‍ കാര്‍ഡുകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഏറെ ആശങ്കയുളവാക്കുന്ന വെളിപ്പെടുത്തലാണ്. ആധാര്‍ കാര്‍ഡുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം വളരെ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്,കര്‍ണാടക, മഹാരാഷ്ട്ര,പഞ്ചാബ്,രാജസ്ഥാന്‍, തമിഴ്‌നാട്,തെലങ്കാന,ത്രിപുര, ഉത്തരാഖണ്ഡ്,പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഈ വ്യത്യാസം കാണപ്പെടുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുപിഎ സര്‍ക്കാര്‍ ആധാര്‍ പദ്ധതി നടപ്പിലാക്കിയതു മുതല്‍ തന്നെ അതിന്റെ ഡാറ്റാബേസിനെക്കുറിച്ചും ആധാര്‍ രൂപകല്‍പ്പന ചെയ്ത രീതിയെക്കുറിച്ചും കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങളുടെ (സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം) പരിമിതികളെക്കുറിച്ചുമെല്ലാമുള്ള ഗൗരവതരമായ ആശങ്കകള്‍ നിരന്തരം ഉന്നയിച്ചിരുന്നതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രസ്തുത ആശങ്കകള്‍ ശരി വെക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

രാജ്യസഭയില്‍ പ്രതിപക്ഷഅംഗമായിരിക്കെ യുപിഎ സര്‍ക്കാര്‍ ആധാര്‍ അവതരിപ്പിച്ചതിലെ അലസമായ രീതിയെ 2010 മുതല്‍ തന്നെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ''ആധാര്‍ ഡാറ്റാബേസില്‍ നിരവധി വ്യാജ എന്‍ട്രികള്‍ ഉണ്ട്. അതില്‍ പാക്കിസ്ഥാനി ചാരന്മാരും ഉള്‍പ്പെടുന്നു. ഇത് ആധാര്‍ ഡാറ്റാബേസ് വളരെ മോശമായ രീതിയില്‍ രൂപപ്പെടുത്തിയതാണെന്ന് തെളിയിക്കുന്നതാണ്. 2016ല്‍ രാജ്യസഭയില്‍ ഇക്കാര്യം ഉന്നയിച്ചതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ 49 ലക്ഷം അധിക ആധാര്‍ കാര്‍ഡുകളുണ്ടെന്ന വിവരം പുറത്തു വന്നത്.