തിരഞ്ഞെടുപ്പ് ചൂടിലേക്ക് പുതുശ്ശേരി പഞ്ചായത്ത്

Wednesday 05 November 2025 1:22 AM IST

കഞ്ചിക്കോട്: വാർഡുകളിലെ സംവരണ ചിത്രം തെളിഞ്ഞതോടെ പുതുശ്ശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഭരണം നിലനിറുത്താൻ സി.പി.എമ്മും പിടിച്ചെടുക്കാൻ കോൺഗ്രസും സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ത്രികോണ മത്സരത്തിന് കളമൊരുക്കി ബി.ജെ.പിയും ഉണ്ട്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ മേഖല, നികുതി വരുമാനം കൂടുതലുള്ള പഞ്ചായത്ത്, കൊച്ചി-ബെംഗളൂരു ഇടനാഴിയുടെ ഭാഗമായ പഞ്ചായത്ത് തുടങ്ങി ഒരു പാട് സവിശേഷതകളുള്ള പഞ്ചായത്ത് ആണ് പുതുശേരി. പുതുശേരിയിൽ ഒരു കാരണവശാലും ഭരണം നഷ്ടപ്പെടരുതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പ്രാദേശിക നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. സ്ഥലം എം.എൽ.എ എ.പ്രഭാകരൻ വാർഡ് തലത്തിൽ സ്ഥിതി ഗതികൾ അവലോകനം ചെയ്യുന്നുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സുഭാഷ് ചന്ദ്രബോസ്,​ ഏരിയാ സെക്രട്ടറി നിതിൻ കണിച്ചേരി, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എസ്.ബി.രാജു എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ ടീം തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് എന്നിവർ സി.പി.എം പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചന. മൂന്ന് ലോക്കൽ സെക്രട്ടറിമാരുടെ നേത്യത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ പാർട്ടി മെഷിനറി സജ്ജമാക്കിയാണ് സി.പി.എം കളത്തിലിറങ്ങുന്നത്. ഭരണ സമിതിയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചരണം.

മറുവശത്ത് കോൺഗ്രസിനാകട്ടെ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ.അനന്തകൃഷ്ണനാണ് തിരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത്. ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കും എന്ന വാശിയിലാണ് കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികക്ക് ഏദേശ രൂപം ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ വിമതരെ അനുനയിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.

ബി.ജെ.പി ക്യാംപിന് ആവേശം പകർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിന്റെ സജീവ സാന്നിദ്ധ്യം ഉണ്ട്. കോൺഗ്രസ് കുത്തകയായിരുന്ന പുതുശേരി പഞ്ചായത്ത് കഴിഞ്ഞ രണ്ട് തവണയായി സി.പി.എം ഭരണത്തിലാണ്. വ്യവസായ മേഖലയിലെ ബി.എം.എസിന്റെ സ്വാധീനവും ചില വാർഡുകളിൽ സാമുദായിക സംഘടനകൾക്കുള്ള സ്വാധീനവും ബി.ജെ.പിക്ക് അനുകൂലമായ ഘടകങ്ങൾ ആണ്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നമാണ് കഴിഞ്ഞ തവണ സി.പി.എമ്മിന് ഗുണമായത്. ആകെയുള്ള 23 സീറ്റിൽ സി.പി.എമ്മിന് പത്തും കോൺഗ്രസിന് ഒമ്പതും ബി.ജെ.പിക്ക് രണ്ടും സീറ്റ് ലഭിച്ചപ്പോൾ സ്വതന്ത്രരായി ജയിച്ച രണ്ട് കോൺഗ്രസ് വിമതരുടെ സഹായത്തോടെ സി.പി.എം പഞ്ചായത്ത് ഭരിക്കുകയും ചെയ്തു. ഇത്തവണ 24 വാർഡാണ് ഉള്ളത്.