തിരുവനന്തപുരം കോർപറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്
Tuesday 04 November 2025 10:14 PM IST
തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കോൺഗ്രസ്. ഇന്ന് 15 സ്ഥാനാർത്ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്. ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ്തന്നെ 63 വാർഡുകളിൽ സ്ഥാനാർത്ഥികളെ ഇതോടെ പ്രഖ്യാപിച്ചുകഴിഞ്ഞു. നേമം ഷജീർ അടക്കം സ്ഥാനാർത്ഥികളുടെ പേരാണ് ഇന്ന് പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തിൽ കെ എസ് ശബരീനാഥനടക്കം 48 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 23 സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇനി പ്രഖ്യാപിക്കാനുണ്ട്. നിലവിൽ 100 സീറ്റുകളുള്ള തിരുവനന്തപുരം നഗരസഭയിൽ വെറും 10 സീറ്റുകളാണ് യുഡിഎഫിന് ഉള്ളത്. ഇതിൽ നിന്നും ഉയർത്തി 51 സീറ്റുകൾ നേടുകയാണ് ലക്ഷ്യമെന്ന് കെ മുരളീധരൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇടതുപക്ഷം കഴിഞ്ഞാൽ തലസ്ഥാന നഗരസഭയിൽ രണ്ടാമതുള്ളത് ബിജെപിയാണ്. ഇതിനിടെ നഷ്‌ട പ്രതാപം തിരികെപിടിക്കാനാണ് കോൺഗ്രസ് ശ്രമം.