പി എം ശ്രീയെ ആദ്യംമുതൽ എതിർത്ത നിലപാട് ശരി, സർക്കാർ നിലപാട് തിരുത്തിച്ചത് രാഷ്‌ട്രീയനേട്ടമെന്ന് സിപിഐ
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് മരവിപ്പിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പ് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും മരവിപ്പിക്കൽ ഉറപ്പാക്കാനും എം. എൻ സ്മാരകത്തിൽ നടന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ തീരുമാനം.
പി.എം ശ്രീയെ ആദ്യം മുതൽ എതിർത്ത നിലപാട് ശരിയായിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പിന്റെ സമ്മർദ്ദത്തിന് വഴങ്ങി നിലപാട് മാറ്റാതിരുന്നത് പൊതുസമൂഹത്തിൽ പാർട്ടിക്കുള്ള സ്വീകാര്യത വർദ്ധിപ്പിച്ചുവെന്നും കൗൺസിൽ വിലയിരുത്തി. സർക്കാരിന്റെ നിലപാടിനെ തിരുത്തിച്ചത് പാർട്ടിയുടെ രാഷ്ട്രീയ നേട്ടമാണ്. മന്ത്രി വി. ശിവൻകുട്ടി ഉയർത്തിയ പരാതിക്ക് ഖേദപ്രകടനം നടത്തിയത് തെറ്റായിപ്പോയെന്ന വാദവും ഉയർന്നു. ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്ത സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അംഗങ്ങൾ അഭിനന്ദിച്ചു. ഇടതുപക്ഷത്തിലെ തിരുത്തൽ ശക്തിയായി തുടരുമെന്ന സന്ദേശം അരക്കിട്ടുറപ്പിക്കാൻ ഈ നിലപാടിലൂടെ സാധിച്ചു.