സർക്കാർ സ്ഥാപനങ്ങൾക്ക് ശ്രീചിത്ര പ്രചോദനം: ഉപരാഷ്ട്രപതി

Wednesday 05 November 2025 12:17 AM IST

തിരുവനന്തപുരം:രണ്ടുലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി രാജ്യത്തെ ഗവണ്മെന്റ് മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും പ്രചോദനമാണെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഫാക്കൽറ്റിയും സ്റ്റാർട്ടപ്പ് കമ്പനികളും വികസിപ്പിച്ചെടുത്ത മെഡിക്കൽ ഉപകരണങ്ങളുടെ പ്രദർശനം അദ്ദേഹം സന്ദർശിച്ചു.

സമൂഹത്തിൽ മികച്ച സ്വാധീനം ഉണ്ടാകുമ്പോഴാണ് ഗവേഷണം വിജയകരമാകുന്നതെന്നും ആ നിലയിലെ ശ്രീചിത്രയുടെ പ്രവർത്തനം സ്തുത്യർഹമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ശ്രീചിത്രയിൽ ബയോ മെഡിക്കൽ ഉപകരണങ്ങളിൽ 53പദ്ധതികൾ വികസനത്തിന്റെ വിവിധഘട്ടങ്ങളിലാണ്. മെഡിക്കൽ ഉപകരണവികസനത്തിൽ പേറ്റന്റുകൾ,19ഡിസൈൻ രജിസ്‌ട്രേഷൻ,35സാങ്കേതിക കൈമാറ്റം എന്നിവ മികച്ച നേട്ടമാണ്.ശ്രീചിത്രയിലെ രണ്ടാം തലമുറ ഹൃദയ വാൽവ് 40പേരിൽ സ്ഥാപിച്ചു.ചിത്ര ബ്ലഡ് ബാഗ് ഇന്ന് ഇന്ത്യയിലും ഏഷ്യയിലും എല്ലാ ആശുപത്രികളിലുമുണ്ടെന്നും ഉപകരണങ്ങളുടെ ഗുണമേന്മയാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. രോഗികൾക്ക് വാസ്‌ക്കുലാർസ്റ്റെന്റ്, വെൻട്രികുലാർ അസ്സിസ്റ്റ് ഡിവൈസ് എന്നീ ജീവൻ രക്ഷാഉപകരണങ്ങൾ ഉടൻ തന്നെ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും.ദരിദ്രരിൽ ദരിദ്രരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്നും മികച്ച സേവനം നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ,ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി,ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്.മണികണ്ഠൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.കവിതാ രാജ,ബയോ മെഡിക്കൽ ടെക്‌നോളജി വിംഗ് മേധാവി ഡോ.എച്ച്.കെ.വർമ,ഡീൻ ഡോ.കെ.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.