ഇ.പി.എഫ് പെൻഷൻ, വീട്ടിലിരുന്ന് ലൈഫ് സർട്ടിഫിക്കറ്റ്: കരാർ ഒപ്പിട്ടു

Wednesday 05 November 2025 12:24 AM IST

ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ അംഗമായവർക്ക് വീട്ടിലിരുന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി തപാൽ വകുപ്പിനു കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും (ഐ.പി.പി.ബി) ഇ.പി.എഫ്.ഒയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്ര തൊഴിൽമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ സാന്നിദ്ധ്യത്തിൽ ഐ.പി.പി.ബി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആർ. വിശ്വേശ്വരനും സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ രമേഷ് കൃഷ്ണമൂർത്തിയും ധാരണാപത്രം കൈമാറി.

ബാങ്കിലും ഇ.പി.എഫ്.ഒ ഒാഫീസിലും പോയി പരമ്പരാഗത പേപ്പർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിനുള്ള മുഴുവൻ ചെലവും ഇ.പി.എഫ്.ഒ വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് പോസ്റ്റ്മാനെയോ ഗ്രാമീൺ ഡാക് സേവകിനേയോ ബന്ധപ്പെടുക. പോസ്റ്റ് ഓഫീസിൽ നിന്നും വിവരം ലഭിക്കും.

ഡിജിറ്റൽ സർട്ടിഫിക്കറ്റ് കിട്ടാനായി ആധാർ നമ്പറും പെൻഷൻ വിവരങ്ങളും നൽകണം. തുടർന്ന് പെൻഷൻകാരുടെ മൊബൈൽ നമ്പറിൽ എസ്.എം.എസ് ലഭിക്കും. അടുത്ത ദിവസം മുതൽ https://jeevanpramaan.gov.in/v1.0/ എന്ന വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് ലഭ്യമാകും.