മദർ ഏലീശ്വാ വാഴ്‌ത്തപ്പെട്ടവൾ: പ്രഖ്യാപനം എട്ടിന് വല്ലാർപാടത്ത്

Wednesday 05 November 2025 1:32 AM IST

കൊച്ചി: കേരള ലത്തീൻസഭയിലെ ആദ്യസന്യാസിനിയും കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദർ ഏലീശ്വയെ വാഴ്‌ത്തപ്പെട്ടവളായി ഈമാസം എട്ടിന് പ്രഖ്യാപിക്കും. വല്ലാർപാടം ബസലിക്കയിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ലെയോ പതിന്നാലാമൻ മാർപ്പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാംഗ് മെത്രാൻ കർദ്ദിനാൾ സെബാസ്‌റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നടത്തും.

വൈപ്പിനിലെ ഓച്ചന്തുരുത്ത് വൈപ്പിശേരി കുടുംബാംഗമായ ഏലീശ്വയാണ് 1868 ഫെബ്രുവരിയിൽ കേരളത്തിൽ ആദ്യമായി സന്യാസിനിസഭ സ്ഥാപിച്ചത്. എട്ടു രാജ്യങ്ങളിൽ 78 രൂപതകളിലായി 223 മഠങ്ങളിൽ 1400 അംഗങ്ങൾ സഭയിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.

1913 ജൂലായ് 18ന് നിര്യാതയായ ഏലീശ്വയെ 2008 മാർച്ചിൽ ദൈവദാസിയായും 2023 നവംബറിൽ ധന്യയായും പ്രഖ്യാപിച്ചിരുന്നു.

ചടങ്ങിന്റെ ഭാഗമായി വല്ലാർപാടത്തേക്ക് ഛായാചിത്ര, ദീപശിഖ പ്രയാണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. സഹായ മെത്രാൻ ബിഷപ്പ് ആന്റണി വാലുങ്കൽ, മദർ ഷഹീല, സംഘാടക സമിതി അദ്ധ്യക്ഷൻ ഡോ. അഗസ്റ്റിൻ മുള്ളൂർ, ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.