ദേശീയ ഗെയിംസ് വിജയികൾക്ക് പാരിതോഷികവിതരണം ഇന്ന്

Tuesday 04 November 2025 11:48 PM IST

തിരുവനന്തപുരം : ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിസിൽ കേരളത്തിനായി മെഡൽ നേടിയ കായിക താരങ്ങൾക്കുള്ള പാരിതോഷികങ്ങൾ ഇന്ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സ്വർണം നേടിയവർക്ക് അഞ്ചുലക്ഷം, വെള്ളി നേടിയവർക്ക് മൂന്നുലക്ഷം, വെങ്കലത്തിന് രണ്ട് ലക്ഷം വീതമാണ് സമ്മാനം. 13 സ്വർണവും 17 വെള്ളിയും 24 വെങ്കലങ്ങളുമാണ് കേരള താരങ്ങൾ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ നേടിയത്. കായികമന്ത്രി വി.അബ്ദുറഹ്‌മാൻ സമ്മാനദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും.

അഷ്ഫഖിന് ഇന്ന് അനുമോദനം,

അഞ്ചു ലക്ഷം പിന്നാലെ

സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിനായി ഒരു സ്വർണവും രണ്ട് വെള്ളിയും നേടിയ ജി.വി രാജ സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥി മുഹമ്മദ് അഷ്ഫഖിനെ ഇന്ന് ദേശീയഗെയിംസ് പാരിതോഷിക വിതരണച്ചടങ്ങിൽ അനുമോദിക്കും. കഴിഞ്ഞദിവസം അഷ്ഫഖിന് കായികമന്ത്രി വി.അബ്ദുറഹിമാൻ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഫയൽ നടപടികൾ പുരോഗമിക്കുകയാണ്. വൈകാതെ ഈ സമ്മാനം അഷ്ഫഖിന് നൽകും.

റാഞ്ചിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ മത്സരം കഴിഞ്ഞെത്താൻ വൈകിയതിനാൽ അഷ്ഫഖിനെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സംഘാടകർ മത്സരിപ്പിക്കാതിരുന്നത് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് അഷ്ഫഖിനെ മുഖ്യമന്ത്രി ഓഫീസിലേക്ക് ക്ഷണിച്ച് അനുമോദിച്ചിരുന്നു.