പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇനി പച്ചപ്പിന്റെ വസന്തം

Wednesday 05 November 2025 12:58 AM IST
സമ്പൂർണ്ണ സ്കൂൾ അടുക്കളത്തോട്ടം പദ്ധതിയുടെ ഉപജില്ലാ തല പ്രഖ്യാപനം പന്മനമനയിൽ ശ്രീ ബാലഭട്ടാരവിലാസം സംസ്കൃത ഗവൺമെന്റ ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി തൈ നട്ട് ഡോ. സുജിത് വിജയൻ എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം: പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ. ഹയർസെക്കൻഡറി സ്കൂൾ മികച്ച വിജയം നേടുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി വിദ്യാർത്ഥികൾ ഒരുക്കിയ കൃഷിയിടത്തിൽ മികച്ച വിളവാണ് ലഭിച്ചത്. ഇതാണ് പുതിയൊരു പരീക്ഷണത്തിന് സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് തന്നെ ആദ്യമായി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് നേരം ആരോഗ്യകരമായ ഭക്ഷണം നൽകിയതിന് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം ഈ സ്കൂളിന് ലഭിച്ചിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ആർ. ഗംഗാദേവി, നൂൺ മീൽ ടീച്ചർ കോർഡിനേറ്റർ വിളയിൽ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരും രക്ഷകർത്താക്കളുമടങ്ങിയ സംഘമാണ് സ്കൂൾ വളപ്പിലെ കൃഷിക്ക് നേതൃത്വം നൽകുന്നത്. ഭാവിയിൽ കൂടുതൽ വ്യത്യസ്തങ്ങളായ പച്ചക്കറി, പഴവർഗങ്ങൾ സ്കൂളിലെ ഉദ്യാനത്തിൽ കൃഷി ചെയ്യാനാണ് അധികൃതരുടെ പദ്ധതി.

ജൈവ കൃഷി രീതി

  • മികച്ച നിലവാരത്തിലുള്ള ഹൈബ്രിഡ് പച്ചക്കറി തൈകൾ ഉപയോഗിച്ചാണ് സ്കൂൾ പരിസരത്ത് പുതിയ കൃഷി ആരംഭിച്ചത്.
  • വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, കോളിഫ്ലവർ, കോവൽ എന്നിങ്ങനെ വിവിധങ്ങളായ പച്ചക്കറികളാണ് അര ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്.
  • പല ക്ലാസുകളിൽ നിന്നും കൃഷിയിൽ താത്പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി സമ്പൂർണ ജൈവകൃഷി രീതിയിലാണ് കൃഷി ആരംഭിച്ചത്.
  • മണ്ണിര കംപോസ്റ്റ്, ചാണകം, എല്ല് പൊടി എന്നീ ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
  • ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് വിദ്യാർത്ഥികൾക്ക് തന്നെ കറികളാക്കി നൽകും.
  • ദിനംപ്രതി പച്ചക്കറിയിനങ്ങളുടെ വളർച്ചാഘട്ടങ്ങൾ വിദ്യാർത്ഥികൾ രേഖപ്പെടുത്തുന്നുണ്ട്.

ഉപജില്ലാ തല പ്രഖ്യാപനം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ സ്കൂൾ അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി ഉപജില്ലയിലെ എല്ലാ സ്കൂളുകളിലും നടപ്പാക്കിയതിന്റെ ചവറ ഉപജില്ലാതല പ്രഖ്യാപനം പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പ്രസന്നൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ചവറ ഉപജില്ലാ നൂൺമീൽ ഓഫീസർ കെ. ഗോപകുമാർ പദ്ധതി വിശദീകരണം നടത്തി.പി.ടി.എ പ്രസിഡന്റ് ആഷിം അലിയാർ, എസ്.എം.സി ചെയർമാൻ കലാമണ്ഡലം പ്രശാന്ത്, പി.ടി.എ വൈസ് പ്രസിഡന്റ് പന്മന മഞ്ചേഷ്, മദർ പി.ടി.എ പ്രസിഡന്റ് എം.മഞ്ജു, പ്രിൻസിപ്പൽ ജെ.ടി.ബിന്ദു , എച്ച്.എം ഫോറം സെക്രട്ടറി സി.എസ്.അൻസർ , പ്രസിഡന്റ് പ്രിൻസി റീന തോമസ് , സീനിയർ അസിസ്റ്റന്റ് സി.വി .മായ , സ്റ്റാഫ്സെക്രട്ടറി ഷൈൻ കുമാർ , നൂൺമീൽ ടീച്ചർ കോർഡിനേറ്റർ വിളയിൽ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

സ്കൂൾ വളപ്പിൽ വിദ്യാർത്ഥികൾക്ക് കൃഷിരീതികൾ വിലയിരുത്തുന്നതിനും വിളകളുടെ വളർച്ചയും രോഗകീ‍ടബാധകളും മനസിലാക്കുന്നതിനും അടുക്കള പച്ചക്കറിത്തോട്ടം കൃഷി സഹായകമാകും.

വിളയിൽ ഹരികുമാർ,

നൂൺമീൽ ടീച്ചർ കോഡിനേറ്റർ