റെയിൽവേയ്ക്ക് സംസ്ഥാനത്തിന്റെ ശുപാർശ: വേണം, വനിതാ സുരക്ഷയ്ക്ക് പൊലീസ് സായുധ കാവൽ

Wednesday 05 November 2025 1:08 AM IST

തിരുവനന്തപുരം: വനിതായാത്രക്കാരുടെ സുരക്ഷയ്‌ക്ക് ട്രെയിനുകളിൽ റെയിൽവേ പൊലീസിന്റെ സായുധ കാവൽ അനുവദിക്കണമെന്ന് സംസ്ഥാനം റെയിൽവേയോട് ആവശ്യപ്പെട്ടു. കേരളത്തിലോടുന്ന രാത്രികാല ട്രെയിനുകളിൽ സംസ്ഥാന റെയിൽവേ പൊലീസിന് തോക്ക് കരുതാൻ അനുമതി നൽകണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് റെയിൽവേ എസ്.പിയാണ് കത്ത് നൽകിയത്. അനുമതി ലഭിച്ചാൽ ട്രെയിനിലെ പൊലീസ് സുരക്ഷ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാവും. റെയിൽവേ പൊലീസിന്റെ എണ്ണംകൂട്ടാനും ശുപാർശ നൽകി.

നിലവിൽ റെയിൽവേ സംരക്ഷണ സേനയ്ക്കാണ് (ആർ.പി.എഫ്) ട്രെയിനുകളിൽ സായുധ കാവലിന് അധികാരം. വി.ഐ.പികൾ യാത്രചെയ്യുമ്പോൾ മാത്രം റെയിൽവേ പൊലീസിന് തോക്ക് കരുതാം. അല്ലാത്തപ്പോൾ ലാത്തിയും ടോർച്ചുമാണ് ആയുധം.

1027 കിലോമീറ്റർ റെയിൽവേപാതയുള്ള കേരളത്തിൽ ആകെയുള്ളത് 13 റെയിൽവേ പൊലീസ് സ്റ്റേഷനുകളാണ്. ട്രെയിനുകളും യാത്രക്കാരും വർദ്ധിച്ച സാഹചര്യത്തിൽ 10 പുതിയ സ്റ്റേഷനുകളും ഔട്ട് പോസ്റ്റുകളും അനുവദിക്കണമെന്നും റെയിൽവേയോട് ആവശ്യപ്പെട്ടു. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽപോലും നിലവിൽ പൊലീസ് സ്റ്റേഷനുകളോ ഔട്ട്പോസ്റ്റുകളോ ഇല്ല.

റെയിൽവേ പൊലീസിന്റെ ശമ്പളമടക്കം ചെലവിന്റെ പകുതിതുക റെയിൽവേയാണ് വഹിക്കുന്നത്. അതിനാൽ, പൊലീസിന്റെ എണ്ണംകൂട്ടാനും സ്റ്റേഷനുകൾ ആരംഭിക്കാനും റെയിൽവേ ബോർഡിന്റെ അനുമതി വേണം.

ആർ.പി.എഫിന് കൂടുതൽ അധികാരം നൽകിയേക്കും

യാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ ആർ.പി.എഫിന് കൂടുതൽ അധികാരം നൽകുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലാണ്. റെയിൽവേ വസ്തുവകകളുടെ സുരക്ഷ, കഞ്ചാവ്- മയക്കുമരുന്ന് പിടികൂടുക എന്നിവയാണ് നിലവിൽ ചുമതല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, യാത്രക്കാരെ മയക്കി കവർച്ച, ലഗേജ്മോഷണം എന്നിവയ്ക്ക് കേസെടുക്കാൻ അധികാരം നൽകാനാണ് ആലോചന. അടിയന്തര സാഹചര്യങ്ങളിൽ വനിതാഉദ്യോഗസ്ഥർക്ക് മുളക്‌ സ്‌‌പ്രേ ഉപയോഗിക്കാൻ അനുമതിയുണ്ട്.

സുരക്ഷയിൽ ഏകോപനമില്ല

1. റെയിൽവേ സ്വത്തുക്കളുടെയും വസ്തുവകകളുടെയും സംരക്ഷണമാണ് ആർ.പി.എഫിന്റെ ചുമതല. ട്രെയിനുകൾക്കും സ്റ്റേഷനുകൾക്കും യാത്രക്കാർക്കുമടക്കം സംരക്ഷണം നൽകേണ്ടത് സംസ്ഥാന റെയിൽവേ പൊലീസാണ്

2. രണ്ട് വിഭാഗങ്ങളുടെയും ഏകോപനമില്ലായ്മ സുരക്ഷയെ ബാധിക്കുന്നു. പൊലീസിനുള്ള യാത്രാപാസ് പോലും റെയിൽവേ നൽകാറില്ല. പാസ് നൽകിയില്ലെങ്കിൽ ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി സുരക്ഷയൊരുക്കുമെന്ന് മുഖ്യമന്ത്റി പ്രഖ്യാപിച്ചിരുന്നു

''ട്രെയിനുകളിൽ വനിതകളുടെ സുരക്ഷ ഉറപ്പാക്കും. അടിയന്തര നടപടികളുണ്ടാവും

-റവാഡ ചന്ദ്രശേഖർ

പൊലീസ് മേധാവി