ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം : ട്രെയിനിൽ നിന്ന് ആക്രമി തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില
ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ഐ.സി.യുവിൽ വെന്റിലേറ്ററിലുള്ള കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണൽ ഇൻജ്വറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. അതിനാൽ സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും.. എന്നാൽ എത്രനാൾ ഇങ്ങനെ അബോധാവസ്ഥയിൽ തുടരുമെന്നും വ്യക്തമല്ല. വലിയ രക്തസ്രാവമോ പരിക്കോ തലച്ചോറിലുണ്ടെങ്കിലാണ് ശസ്ത്രക്രിയയുൾപ്പെടെ വേണ്ടി വരുന്നത്. സമയമെടുത്ത് മരുന്ന് നൽകി ചികിത്സിക്കുകയാണ് ഇനി മാർഗം.ഇടവിട്ട് സി.ടി സ്കാൻ ചെയ്ത് സ്ഥിതി വിലയിരുത്തും.
എല്ലാ വിഭാഗം ഡോക്ടർമാരും കുട്ടിയെ പരിശോധിച്ചു. അമ്മയോടും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളോടും സ്ഥിതി വിശദീകരിച്ചു. ശ്വസിക്കാൻ കഴിയാത്ത സ്ഥിതിയാണ്. തലച്ചോറിലെ സ്ഥിതി സാധാരണ നിലയിലാകാൻ മരുന്നുകൾ നൽകുന്നുണ്ട്. ശരീരത്തിന്റെ മുഴുവൻ സി.ടി സ്കാനെടുത്തു. എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളോയില്ല. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കിരണിന്റെ നേതൃൃത്വത്തിൽ സർജറി, ന്യൂറോ മെഡിസിൻ,ന്യൂറോ സർജറി,ക്രിട്ടിക്കൽ കെയർ, ഇ.എൻ.ടി,ഓർത്തോ വിഭാഗങ്ങളിലെ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർഡാണ് ചികിത്സ ഏകോപിപ്പിക്കുന്നത്.
ട്രെയിനിൽ ഇന്ന് മുതൽ കർശന പരിശോധന
തിരുവനന്തപുരം: ട്രെയിനുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പരിശോധന കർശനമാക്കുമെന്ന് ദക്ഷിണ റെയിൽവെ. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ഗവ. റെയിൽവെ പൊലീസും സംയുക്തമായാണ് നടപടി. റെയിൽ സഹേലി എന്ന പേരിൽ പത്ത് പേരടങ്ങുന്ന അഞ്ച് ടീമുകളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഫുട്ബോർഡിൽ നിൽക്കുന്നവരെയും വനിതാ കമ്പാർട്ട്മെന്റിൽ യാത്രചെയ്യുന്ന പുരുഷന്മാരെയും സംഘം പിടികൂടും. സ്ത്രീകൾക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കാനാണ് തിരുവനന്തപുരം ഡിവിഷൻ റീജിയണൽ മാനേജർ നിർദ്ദേശം നൽകിയിരിക്കുന്നത്. നാഗർകോവിൽ, തിരുവനന്തപുരം സൗത്ത്, നോർത്ത്, എറണാകുളം സൗത്ത്, നോർത്ത്, തൃശൂർ എന്നിവിടങ്ങളിലും കർശന പരിശോധനയുണ്ടാകും. കൺട്രോൾ റൂമിലും റെയിൽവെ ഹെൽപ്പ് ലൈനിലും എത്തുന്ന പരാതികളിൽ അടിയന്തര നടപടിയുണ്ടാകും. ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെയും ട്രെയിനുകളിലും സ്റ്റേഷനുകളിലും അനധികൃതമായി കടന്നുകയറുന്നവരെയും പ്രത്യേക സംഘവും റെയിൽവെ അധികൃതരും പിടികൂടി നടപടിയെടുക്കുമെന്നും ഡി.ആർ.എം അറിയിച്ചു.
യുവതിക്കു നേരെ അതിക്രമം: റിപ്പോർട്ട് തേടി റെയിൽവേ മന്ത്രാലയം
ന്യൂഡൽഹി: വർക്കലയിൽ മദ്യപൻ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ റെയിൽവേ മന്ത്രാലയം ദക്ഷിണ റെയിൽവേ ജനറൽ മാനേജരിൽ നിന്ന് റിപ്പോർട്ട് തേടിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. റെയിൽ യാത്രികരുടെയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടെന്നും എം.പി പറഞ്ഞു. ട്രെയിനുകളിലും സ്റ്റേഷനുകളിലും പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികളെടുക്കണം. കൂടുതൽ സി.സി ടി.വി ക്യാമറകൾ, പട്രോളിംഗ് സംവിധാനം, ഹെൽപ്ലൈൻ സംവിധാനങ്ങൾ, ആർ.പി.എഫ്-ജി.ആർ.പി സംയുക്ത നിരീക്ഷണം എന്നിവ ഏർപ്പെടുത്തണമെന്നും എം.പി നിർദ്ദേശിച്ചു.
പിടിവള്ളിയായത് ക്യാമറ ദൃശ്യങ്ങൾ
സുരേഷ്കുമാർ റിമാൻഡിൽ തിരുവനന്തപുരം : കേരള എക്സ്പ്രസിലെ സി.സി ടിവി ക്യാമറ ദൃശ്യങ്ങളാണ് ട്രെയിനിൽ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത്. നടന്നത് എന്താണെന്ന് കൃത്യമായി ഇതോടെ പൊലീസിന് ബോദ്ധ്യപ്പെട്ടു. ഭൂരിഭാഗം ട്രെയിനുകളിലും ക്യാമറകളുണ്ട്. ഇറങ്ങുന്നവരെയും കയറുന്നവരെയും വ്യക്തമായി കാണുന്നതരത്തിൽ വാതിലുകൾക്ക് സമീപം ക്യാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, പെൺകുട്ടിയെ ചവിട്ടിത് ള്ളിയിട്ട പ്രതി സുരേഷ്കുമാറിനെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഉടൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.