കേരളത്തിൽ അതിവേഗം ലാഭമുണ്ടാകുന്ന പദ്ധതി, ഒരു ജില്ലയിൽ മാത്രം നേടിയത് മൂന്ന് കോടി രൂപ

Wednesday 05 November 2025 1:10 AM IST

മലപ്പുറം: കുടുംബശ്രീ ഉല്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി മുഖേന ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ നടന്നത് മൂന്ന് കോടിയുടെ വിറ്റുവരവ്. അരീക്കോട്, കൊണ്ടോട്ടി, കാളികാവ്, മലപ്പുറം, മങ്കട, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ ബ്ലോക്കുകളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. താനൂർ, കുറ്റിപ്പുറം, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലാണ് പദ്ധതി ആരംഭിക്കാനിരിക്കുന്നത്.

താനൂരിൽ പദ്ധതിയുടെ പ്രാരംഭജോലികൾ ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാത്തോടെയോ അടുത്ത വർഷം ആദ്യമോ ഉദ്ഘാടനം നടത്താനാണ് പദ്ധതി. കുറ്റിപ്പുറം ബ്ലോക്കിൽ ഈ മാസം പദ്ധതിയുടെ പ്രാരംഭ ജോലികൾ ആരംഭിക്കും. അടുത്ത വർഷം ജനുവരി ആദ്യ ആഴ്ചയോടെ ഉദ്ഘാടനം നടത്താനാണ് പദ്ധതി.

പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിൽ അടുത്ത വർഷം മാർച്ചിൽ ഉദ്ഘാടനം നടത്താനും പദ്ധതിയുണ്ട്. ജില്ലയിലെ ഓരോ ബ്ലോക്കിലുമുള്ള ഹോം ഷോപ്പ് ഓണർമാരുടെ എണ്ണം 200 ആയി ഉയർത്താനാണ് പദ്ധതി. നിലവിൽ ഒരു ബ്ലോക്കിൽ ഏകദേശം 100 പേരാണ് ഉള്ളത്. 1,000ത്തോളം ഹോം ഷോപ്പ് ഓണർമാരാണ് ജില്ലയിലുള്ളത്.

കുടുംബശ്രീ സംരംഭകരുടെ നാടൻ ഭക്ഷ്യ ഉത്പന്നങ്ങൾ, കറിപ്പൊടികൾ, കരകൗശല വസ്തുക്കൾ, ക്ലീനിംഗ് ഉല്പന്നങ്ങൾ എന്നിവയെല്ലാം മിതമായ നിരക്കിൽ വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയാണിത്. സി.ഡി.എസിന്റെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത ഹോം ഷോപ്പ് ഓണർമാരാണ് വീടുകളിലെത്തി വിൽപന നടത്തുന്നത്. അവർക്കാവശ്യമായ പരിശീലനം, യൂണിഫോം, തിരിച്ചറിയാൽ കാർഡ്, ബാഗ് എന്നിവ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും ലഭ്യമാവും.

ഉല്പാദന രംഗത്തും വിപണന രംഗത്തും സ്ത്രീകൾക്ക് വരുമാനമെന്ന നിലയിലാണ് പദ്ധതി ആരംഭിച്ചത്. 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെ വിറ്റുവരവ് മൂന്ന്‌കോടി

പദ്ധതി വിജയകരമായാണ് പോയിക്കൊണ്ടിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ന്യായവിലയിൽ ലഭ്യമാക്കാനും ഹോം ഷോപ്പിലൂടെ സാധിക്കും.

പി.റെനീഷ്, കുടംബശീ ജില്ലാ മിഷൻ പ്ലാനിംഗ് മാനേജർ