ശിവഗിരി തീർത്ഥാടനത്തിന് ഉപരാഷ്ട്രപതിയെത്തും

Wednesday 05 November 2025 3:49 AM IST

തിരുവനന്തപുരം: ഇക്കൊല്ലത്തെ ശിവഗിരി തീർത്ഥാടനത്തിന് മുഖ്യാതിഥിയായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ ഇന്നലെ രാജ്ഭവനിലെത്തി ഉപരാഷ്ട്രപതിയെ തീർത്ഥാടനത്തിന് നേരിട്ട് ക്ഷണിച്ചു. അദ്ദേഹം സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു.

രാജ്ഭവനിലെ അതിഥി മുറിയിൽ ശ്രീനാരായണ ഗുരുദേവന്റെ ചിത്രവും വെങ്കലപ്രതിമയും സ്ഥാപിച്ചത് സ്വാമിമാരെ ഗവർണർ ആർ.വി. ആർലേക്കർ കാട്ടിക്കൊടുത്തു. അതിഥി മുറിയിൽ പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഗുരുദേവന്റെ ചിത്രമാണ്. ഗവർണർ അതിഥികളുമായി സംസാരിക്കുമ്പോൾ അഭിമുഖമായി ഉള്ളത് ഗുരുവിന്റെ വെങ്കല പ്രതിമയും. ചിത്രത്തിനും പ്രതിമയ്ക്കും മുന്നിൽ നിന്ന് ഗവർണർക്കൊപ്പം ചിത്രമെടുത്താണ് സ്വാമിമാർ മടങ്ങിയത്. ഇത് എല്ലാവരും അറിയേണ്ട വലിയ കാര്യമാണെന്നും ശിവഗിരി മാസികയിൽ ചിത്രം പ്രസിദ്ധീകരിക്കുമെന്നും സ്വാമി സച്ചിദാനന്ദ ഗവർണറോട് പറഞ്ഞു.