കശുഅണ്ടി അഴിമതി: കോടതിഅലക്ഷ്യ നടപടി തുടരണമെന്ന് ഹർജിക്കാരൻ

Wednesday 05 November 2025 2:08 AM IST

കൊച്ചി: കശുഅണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സി.ബി.ഐ നൽകിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷ സർക്കാർ വീണ്ടും തള്ളിയ സാഹചര്യത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിഅലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് ഹർജിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകി. കോടതി ഉത്തരവ് മാനിക്കാതെ ബോധപൂർവം പിടിവാശി കാണിക്കുകയാണെന്ന് ഭേദഗതി ഹർജിയിൽ ആരോപിച്ചു. മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യാനായി സി.ബി.ഐ നൽകിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷയാണു സർക്കാർ മൂന്നാംവട്ടവും തള്ളിയത്. നടപടിക്രമങ്ങളിലെ വീഴ്ചയ്‌ക്കപ്പുറം മറ്റെന്തെങ്കിലും സി.ബി.ഐക്കു കണ്ടെത്താനായിട്ടില്ലെന്ന് വിലയിരുത്തിയായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ നടപടി.

കശുഅണ്ടി വികസന കോർപ്പറേഷൻ 2006-2015 കാലഘട്ടത്തിൽ അസംസ്‌കൃത കശുഅണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്ന് ആരോപിച്ചാണ് കേസ്. ഹൈക്കോടതി നിർദേശപ്രകാരം 2016 ലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.