പെൺകുട്ടിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ യുവാവ് കുറ്റക്കാരൻ

Wednesday 05 November 2025 2:20 AM IST

പത്തനംതിട്ട: കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിവീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി​യ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി​. കുമ്പനാട് കടപ്ര കാരാളിൽ വീട്ടിൽ അജിൻ റെജി മാത്യുവാണ് കുറ്റക്കാരൻ. അയിരൂർ സ്വദേശി കവിതയെയാണ് കൊലപ്പെടുത്തിയത്. പത്തനംതിട്ട അഡിഷണൽ ജില്ലാക്കോടതി ജഡ്ജ് ജി.പി.ജയകൃഷ്ണൻ കേസിന്റെ വിധി നാളെ പ്രസ്താവിക്കും.

2019 മാർച്ച് 12ന് തിരുവല്ല ചിലങ്ക ജംഗ്ഷനിലായിരുന്നു സംഭവം.

രാവിലെ 9.15ന് കോളേജിലേക്ക് നടന്നുപോകുകയായിരുന്ന പത്തൊൻപതുകാരിയെ അജിൻ തടഞ്ഞുനിറുത്തി ആദ്യം വയറിന്റെ വലതുഭാഗത്ത് കത്തി​കൊണ്ട് കുത്തിവീഴ്ത്തുകയായി​രുന്നു. തുടർന്ന് കൈയിൽ കരുതിയ പെട്രോൾ പെൺകുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റർ ഉപയോഗി​ച്ച് തീ കൊളുത്തി​. നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി​ പെൺ​കുട്ടി​യെ പുഷ്പഗിരി മെഡി​ക്കൽ കോളേജി​ൽ എത്തി​ച്ചെങ്കി​ലും പരി​ക്ക് ഗുരുതരമായതി​നാൽ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് കവിത മരിച്ചത്. സംഭവത്തി​നി​ടെ അജിനും മാരകമായി പൊള്ളലേറ്റി​രുന്നു. ഇരുവരും സ്‌കൂൾതലം മുതൽ ഒരുമിച്ച് പഠിച്ചവരാണ്. പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു ആക്രമണത്തിന് കാരണം. പെൺകുട്ടിയുടെ മരണമൊഴിയാണ് കേസിൽ പ്രധാന തെളിവായത്. അജിൻ പെട്രോൾ വാങ്ങിയതിന്റെ ബില്ലും സി.സി.ടി.വി ദൃശ്യങ്ങളും നിർണായക തെളിവായി. സംഭവത്തി​ന് നിരവധി ദൃക്സാക്ഷികളും ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.

നി​റഞ്ഞ കണ്ണുമായാണ് കവിതയുടെ അച്ഛൻ വിജയകുമാറും അമ്മ ഉഷയും വിധി കേൾക്കാനായി കോടതിയിലെത്തിയത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആഗ്രഹമെന്ന് അമ്മ ഉഷ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകം :

2019 മാർച്ച് 12ന് തിരുവല്ല ചിലങ്ക ജംഗ്ഷനിൽ