തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ ഒന്നരമണിക്കൂർ, ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ

Wednesday 05 November 2025 10:30 AM IST

മണിക്കൂറിൽ180 കിലോമീറ്ററാണ് ഇന്ത്യയുടെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസിന്റെ പരമാവധി വേഗത. പക്ഷെ സാധാരണ ട്രാക്കുകളിലേക്ക് കടക്കുമ്പോൾ ഏകദേശം 80 കിലോമീറ്റ‌റായിരിക്കും ഇതിന്റെ വേഗത. എന്നാൽ കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തിൽ പാഞ്ഞു പോകുന്ന ട്രെയിൻ നമ്മുടെ തൊട്ടപ്പുറത്തെ രാജ്യത്ത് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ. അതേ അങ്ങനെയൊരു ട്രെയിനാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലോക റെയിൽവേ ചരിത്രത്തിൽ തന്നെ പുത്തൻ റെക്കാ‌ഡ് സൃഷ്ടിച്ച് ചൈനയാണ് പുതിയ മിന്നൽ ട്രെയിൻ അവതരിപ്പിച്ചിരിക്കുന്നത്.

മണിക്കൂറിൽ 890 കിലോമീറ്റർ വേഗതയിൽ പായുന്ന 'സിആർ450' എന്ന ഹൈസ്പീ‌ഡ‌് ട്രെയിനാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ എന്ന റെക്കാഡ് സ്വന്തമാക്കിയിരിക്കുന്നത്. ജപ്പാനിലെ ഹൈസ്പീ‌‌ഡ് ട്രെയിനുകളെപ്പോലും കടത്തിവെട്ടിയാണ് ചൈനയുടെ പുതിയ പരീക്ഷണം. ഇങ്ങനെയൊരു ട്രെയിൻ കേരളത്തിൽ വന്നാൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് പോകാൻ കഷ്ടിച്ച് ഒന്നരമണിക്കൂർ പോലും ആകില്ലെന്നുള്ളതാണ് സത്യം.

ട്രയൽ റണ്ണിനിടെ 'സിആ‌ർ450' കൈവരിച്ച 896 കി.മീ വേഗത മുൻപ് ജപ്പാന്റെ 'എൽസീറോ സീരിസ് മാഗ്‌ലെവ്' എന്ന ട്രെയിനിന്റെ മണിക്കൂറിൽ 603 കിലോമീറ്റർ വേഗതയെന്ന റെക്കാഡിനെ നിഷ്‌പ്രഭമാക്കിയാണ് ചൈനയുടെ മുന്നേറ്റം. അതായത് ഒരു വെടിയുണ്ടയുടെ വേഗതയെ പോലും വെല്ലുന്ന അതിവേഗ റെയിൽ ഗതാഗതത്തിന്റെ ലോകത്തേക്കാണ് ചൈന ആധിപത്യം പുലർത്തിയിരിക്കുന്നത്.

ഷാംഗ്ഹായ് -ചെംഗ്‌ഡു അതിവേഗ റെയിൽ ഇടനാഴിയിലാണ് 'സിആർ450' എന്ന ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയത്. നാല് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 350 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന തരത്തിലാണ് ട്രെയിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡിസൈൻ മികവാണ് വേഗതയ്ക്ക് പിന്നിലെ രഹസ്യം. പരുന്തിന്തിന്റെ ആകൃതിയിലുള്ള മുൻഭാഗവും ഭാരം കുറഞ്ഞ രൂപ കല്പനയുമാണ് വേഗതയ്ക്ക് പിന്നിലെ രഹസ്യം. അഞ്ച് വർഷത്തെ പ്രയത്നം കൊണ്ടാണ് ചൈനീസ് അക്കാദമി ഓഫ് റെയിൽവേ സയൻസ് ട്രെയിൻ വികസിപ്പിച്ചെടുത്തത്. സാങ്കേതിക വെല്ലുവിളികളും അപകടസാദ്ധ്യതകളും നിലനിന്നിട്ടും ഹൈസ്പീഡ് ട്രെയിനുകളുടെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ലോകത്തിന് മുന്നിൽ ചൈന വീണ്ടും തെളിയിച്ചിരിക്കുന്നത്.