പ്രതി ബാലമുരുകൻ രക്ഷപ്പെട്ടത് സ്കൂട്ടറിൽ? തമിഴ്നാട് പൊലീസ് നൽകിയ വിവരങ്ങളെല്ലാം തെറ്റ്, വൻ സുരക്ഷാ വീഴ്ച

Wednesday 05 November 2025 11:29 AM IST

തൃശൂർ: കൊടും കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പൊലീസിന്റെ വീഴ്ച വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. കൊലപാതക കേസിലടക്കം പ്രതിയായ ബാലമുരുകനെ കെെവിലങ്ങില്ലാതെ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളരെ കൂളായി പൊലീസിനൊപ്പം ബാലമുരുകൻ നടന്നുപോകുന്നത് വീഡിയോയിൽ കാണാം.

കൂടാതെ ഇയാൾ ധരിച്ചിരുന്ന വസ്ത്രം സംബന്ധിച്ച് തെറ്റായ വിവരമാണ് തമിഴ്‌നാട് പൊലീസ് നൽകിയത്. കറുത്ത ഷർട്ടും വെള്ളമുണ്ടും എന്നായിരുന്നു തമിഴ്‌നാട് പൊലീസ് പറഞ്ഞത്. എന്നാൽ ദൃശ്യങ്ങളിൽ ഇളം നീല ഷർട്ടാണ് ബാലമുരുകൻ ധരിച്ചിരിക്കുന്നത്. പാലക്കാട് ആലത്തൂരിലെ ഹോട്ടലിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

ബാലമുരുകൻ സ്കൂട്ടറിൽ രക്ഷപ്പെട്ടെന്നാണ് വിവരം. വിയ്യൂർ മണലാർകാവിൽ നിന്ന് ഒരു സ്കൂട്ടർ മോഷണം പോയിട്ടുണ്ട്. 'K L 8 CA 9536' നമ്പറിലെ സ്കൂട്ടറാണ് മോഷണം പോയത്. പ്രതി ഇതിൽ രക്ഷപ്പെട്ടുകാണുമെന്നാണ് സംശയിക്കുന്നത്. പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാദ്ധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം ഉണ്ടായാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും ഇന്നലെ നിർദേശം നൽകിയിരുന്നു.

തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വിരുതനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ജയിലിന്റെ മുന്നിൽ വെള്ളം വാങ്ങാൻ നിറുത്തിയപ്പോൾ തമിഴ്‌നാട് ബന്ദൽകുടി എസ്.ഐ നാഗരാജന്റെയും മറ്റു രണ്ടു പൊലീസുകാരുടെയും കണ്ണുവെട്ടിച്ച് ഇയാൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പ്രതി രക്ഷപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയ്യൂർ പൊലീസിൽ വിവരം അറിയിച്ചത്. ആദ്യം സമീപത്തെ ലോഡ്ജുകളിലും മറ്റും തമിഴ്‌നാട് പൊലീസ് പരിശോധന നടത്തി. കണ്ടുകിട്ടാതെ വന്നതോടെ വിയ്യൂർ സ്റ്റേഷനിലെത്തുകയായിരുന്നു.

കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്‌നാട് കടയം സ്വദേശിയായ ബാലമുരുകൻ (44). നേരത്തെയും തമിഴ്‌നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ കവർച്ചാകേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. കേരള പൊലീസ് പിടികൂടിയതിനെ തുടർന്ന് ഇയാൾ വിയ്യൂർ ജയിലിലായിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയത്. ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പൊലീസ്.