പണക്കാർക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന സേഫ്റ്റി പിൻ; വില കേട്ടാൽ ഞെട്ടാത്തവർ ഉണ്ടാകില്ല

Wednesday 05 November 2025 12:57 PM IST

സേഫ്റ്റി പിൻ ഉപയോഗിക്കാത്ത സ്ത്രീകൾ വളരെ ചുരുക്കമായിരിക്കും. സാരി ഉടുക്കുന്നവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത സാധനമാണിത്. വളരെ തുച്ഛമായ വിലയായതിനാൽത്തന്നെ ഏവർക്കും വാങ്ങിക്കാനും സാധിക്കും. പത്തോ ഇരുപതോ രൂപ കൊടുത്താൽ കവർ നിറയെ സേഫ്റ്റ് പിന്നുകൾ കിട്ടുകയും ചെയ്യും.

ഒരു സേഫ്റ്റി പിന്നിന്ന് അരലക്ഷം രൂപയിലധികം കൊടുക്കേണ്ടി വന്നാലോ? ഒരു സേഫ്റ്റി പിന്നിന് ഇത്രയും രൂപയോ, നിങ്ങൾക്കെന്താ വട്ടാണോ എന്നല്ലേ ചിന്തിക്കുന്നത്. സംഭവം സത്യമാണ്. ലക്ഷ്വറി ബ്രാൻഡായ പ്രാഡയാണ് ആഡംബര പിൻ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 775 യുഎസ് ഡോളറാണ് (ഏകദേശം 68,758 രൂപ) വില.

ഔദ്യോഗികമായി ക്രോച്ചെ സേഫ്റ്റി പിൻ ബ്രൂച്ച് എന്നാണ് പേര് നൽകിയിരിക്കുന്നത്. വർണ്ണാഭമായ രീതിയിൽ നെയ്ത ത്രെഡ് ആണ് ഇതിന്റെ പ്രധാന ആകർഷണം. ഗോൾഡൻ കളറാണ്. ഒരു വശത്ത് പ്രാഡ എന്നെഴുതിയത് തൂക്കിയിട്ടിരിക്കുന്നു. ഇളം നീല, പിങ്ക്, ഓറഞ്ച് നിറങ്ങളിൽ ലഭ്യമാണ്.

സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.

പണക്കാർക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന സേഫ്റ്റി പിൻ ആണിതെന്നൊക്കെയാണ് ആളുകൾ കമന്റ് ചെയ്‌തിരിക്കുന്നത്. വളരെ ചുരുങ്ങിയ ചെലവിൽ ഇതേപോലത്തെ സേഫ്റ്റി പിൻ ഉണ്ടാക്കാൻ സാധിക്കുമെന്ന് പറയുന്നവരും ഏറെയാണ്.