'പാട്ടിലൂടെ മറുപടി നൽകും, സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യം'; പ്രതികരിച്ച് റാപ്പർ വേടൻ

Wednesday 05 November 2025 4:44 PM IST

തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്നും പാട്ടിലൂടെ മറുപടി നൽകുമെന്നും റാപ്പർ വേടൻ. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും വേടൻ പറഞ്ഞു. വേടനെപോലും സ്വീകരിച്ചുവെന്ന് സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദുബായിൽ സംസാരിക്കുന്നതിനിടയിലാണ് വേടൻ സജി ചെറിയാന്റെ പരാമർശത്തോട് പ്രതികരിച്ചത്.

'എനിക്ക് പുരസ്കാരം നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. പുരസ്കാരം വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചു. വ്യക്തി ജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വതകുറവുണ്ട്. സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണ്. ഇതിന് പാട്ടിലൂടെ മറുപടി നൽകും. കൂടുതൽ പ്രതികരണത്തിനില്ല'- വേടൻ പറഞ്ഞു.

മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെപോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ പുരസ്കാര പ്രഖ്യാപനം നടത്തിയെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ വേടൻ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു. 'വേടനെപോലും' എന്ന വാക്ക് വളച്ചൊടിക്കരുതെന്നും വേടന്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്ന് സജി ചെറിയാൻ വിശദീകരിച്ചിരുന്നു.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് ലഭിച്ചത്. ലൈംഗികപീഡന കേസുകള്‍ നേരിടുന്നയാള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നതിനെതിരെ വലിയ തോതിലുള്ള വിമർ‌ശനമാണ് ഉയരുന്നത്.