സമൃദ്ധി രുചിപ്പെരുമ ഫോർട്ട്കൊച്ചിയിലും
കൊച്ചി: നഗരസഭയുടെ സമൃദ്ധി ഹോട്ടലിന്റെ നാലാമത്തെ ശാഖ ഫോർട്ട്കൊച്ചി റോ റോ ജെട്ടിയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പൈതൃകനഗരത്തിന്റെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വിവിധ ഭക്ഷ്യ സംസ്‌കാരങ്ങളുടെയും സംഗമഭൂമിയുമായ ഫോർട്ട്കൊച്ചിയിൽ കാഴ്ചകൾ ആസ്വദിച്ച് ഇനി രുചികരമായ ഭക്ഷണം കഴിക്കാം. പരമാര റോഡിലെ സമൃദ്ധിയിൽ തയ്യാറാക്കുന്ന ഭക്ഷണം ഫോർട്ട്കൊച്ചിയിൽ എത്തിച്ച് വിതരണം ചെയ്യാനാണ് പദ്ധതി. പിന്നീട് അവിടെ പാചകം ആരംഭിക്കും. ആദ്യഘട്ടത്തിൽ 20 രൂപയ്ക്കുള്ള സമൃദ്ധി ഊണ് നൽകും. തുടർന്ന് മറ്റുവിഭവങ്ങളും ലഭ്യമാക്കും.
മിതമായ വിലയ്ക്ക് മികച്ച ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ 2021ൽ നോർത്ത് പരമാര റോഡിൽ ആരംഭിച്ച സമൃദ്ധി @കൊച്ചി രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജി.സി.ഡി.എ, ഷിപ്പ് യാർഡ്, റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങളിലും സമൃദ്ധിയുടെ ശാഖകൾ തുറന്നു. നാലാം വർഷത്തിലാണ് ഫോർട്ട്കൊച്ചിയിലെ ശാഖ തുറന്നത്. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. എം. അനിൽകുമാർ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സെക്രട്ടറി പി.എസ്. ഷിബു, തുടങ്ങിയവർ പങ്കെടുത്തു.
200 ജീവനക്കാർ
കൊച്ചി നഗരത്തിലെത്തുന്നവർക്ക് രുചിയേറിയ ഭക്ഷണം കുറഞ്ഞ നിരക്കിൽ നൽകുന്നതിനൊപ്പം വനിതകൾക്ക് തൊഴിലവസരം പ്രദാനം ചെയ്യുന്നതിനുമാണ് സമൃദ്ധി ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങളായ 14 വനിതകളുമായി തുടങ്ങിയ സമൃദ്ധിയിൽ ഇന്ന് ഇരുന്നൂറിലധികം ജീവനക്കാരുണ്ട്.