* എഴുത്തുകാരിൽ 13കാരി മുതൽ 79കാരി വരെ * 101 പുസ്‌തകങ്ങളുമായി പെണ്ണില്ലം എഴുത്തിടം

Thursday 06 November 2025 12:33 AM IST
എം.പി. ലക്ഷ്‌മിപ്രിയ

കൊച്ചി: ക്യാൻസർ അതിജീവിതയായ 13കാരി മുതൽ 79കാരിയായ വീട്ടമ്മ വരെ രചിച്ച 101 പുസ്‌തകങ്ങൾ ഒന്നിച്ച് പ്രകാശനം ചെയ്യാൻ ഒരുങ്ങുകയാണ് വനിതാ എഴുത്തുകാരുടെ കൂട്ടായ്‌മയായ 'പെണ്ണില്ലം എഴുത്തിടം". 11ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എഴുത്തുകാരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം നടക്കും.

വനിതാ കൂട്ടായ്‌മയാണെങ്കിലും ഏഴ് പുരുഷന്മാരുടെ പുസ്‌തകങ്ങളും പ്രകാശനം ചെയ്യുന്നുണ്ട്. 40 എഴുത്തുകാർ ചടങ്ങിൽ പങ്കെടുക്കും.

കഥ, കവിത, അനുഭവങ്ങൾ, യാത്രാവിവരണം, നർമ്മം, ലേഖനങ്ങൾ, സുഭാഷിതം, ബാലസാഹിത്യം തുടങ്ങിയവയാണ് രചനകൾ. ആറ് സമാഹാരങ്ങളുമുണ്ട്. 80 മുതൽ 350 വരെ പേജുകൾ പുസ്‌തകങ്ങൾക്കുണ്ട്. പെണ്ണില്ലം എഴുത്തിടം പബ്ളിക്കേഷൻസാണ് പ്രസാധകർ.

കഥയും വരയുമായി ലക്ഷ്‌മിപ്രിയ

എം.പി. ലക്ഷ്‌മിപ്രിയയാണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രന്ഥകാരി. കണ്ണൂർ ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്. കഥകളും അവയ്‌ക്കായി ലക്ഷ്‌മിപ്രിയ വരച്ച ചിത്രങ്ങളും അടങ്ങിയതാണ് 'ചിത്രഹാർ" കഥാസമാഹാരം. ക്യാൻസർ മുക്തയായ ലക്ഷ്‌മിപ്രിയ നിരവധി കഥകൾ എഴുതിയിട്ടുണ്ട്.

എറണാകുളം ഇടപ്പള്ളി സ്വദേശിയായ 79കാരി ചന്ദ്രിക ജി. മേനോനാണ് ഏറ്റവും മുതിർന്ന ഗ്രന്ഥകാരി. 'സുഭാഷിതങ്ങൾ" ആണ് ഈ വീട്ടമ്മയുടെ പുസ്‌തകം. ചന്ദ്രികയുടെ രണ്ടാമത്തെ പുസ്‌തകമാണിത്. കെ.എസ്. മിനിയാണ് മറ്റൊരു മുതിർന്ന എഴുത്തുകാരി.

താച്ചിയിൽ തുടക്കം

കണ്ണൂർ കീഴൂർ സ്വദേശി രാജി അരവിന്ദ് രാജി 2023 ഒക്ടോബറിൽ ആരംഭിച്ച 'താച്ചി" വാട്ട്സ്ആപ്പ് ഗ്രൂപ്പാണ് പെണ്ണില്ലമായി വളർന്നത്. 20 പേരായിരുന്നു അംഗങ്ങൾ.

കൂടുതൽ പേർ കൂട്ടായ്‌മയിലേക്ക് എത്തിയതോടെ 'പെണ്ണില്ലം എഴുത്തിടം" എന്ന സംഘടന രൂപീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളി മുതൽ ഡോക്‌ടറും പ്രവാസികളും വരെ അംഗങ്ങളാണ്.

ഷാർജ പുസ്‌തകോത്സവത്തിൽ പ്രശസ്‌തരല്ലാത്ത ഞങ്ങളുടെ 101 പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാൻ അവസരം ലഭിച്ചത് വലിയ നേട്ടവും അഭിമാനവുമാണ്.

രാജി അരവിന്ദ്

ജനറൽ സെക്രട്ടറി