സ്ട്രോംഗ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളിയാണോ, അതും ഉണ്ണിക്കൃഷ്ണൻ  പോറ്റി  കടത്തിയോയെന്ന് ഹൈക്കോടതി

Wednesday 05 November 2025 8:32 PM IST

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ നിരവധി സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. സ്‌ട്രോംഗ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളിയാണോയെന്ന് പരിശോധിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോങ്ങ് റൂമിലുള്ള വാതിൽ പാളി കണ്ടെടുത്തത്. ഇത് യഥാർത്ഥ സ്വര്‍ണ്ണപ്പാളി തന്നെയാണോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്.

ഇപ്പോഴുള്ളത് യഥാർത്ഥ പാളിയാണോ, അല്ലെങ്കിൽ അതും ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിക്കൊണ്ട് പോയോയെന്നും അന്വേഷിക്കണം. രണ്ടര കിലോ സ്വർണം പൊതിഞ്ഞ വാതിൽ പാളിയാണ് 1999ൽ വിജയ് മല്യ നൽകിയത്. വിശ്വാസ്യതയില്ലാത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥർ വിശ്വസിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി സ്വര്‍ണം പൂശി നൽകിയത് 34 ഗ്രാം മാത്രമുള്ള വാതിൽ പാളിയാണ്. കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകൾക്ക് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്.

എത്ര സ്വർണം നഷ്ടമായെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തണം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റി സംശയകരമായ പ്രവൃത്തികൾ നടത്തിയെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘം ഇന്ന് രണ്ടാം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. എഡിജിപി എച്ച് വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ എന്നിവരും കോടതിയിൽ ഹാജരായി. കേസ് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.