എൻ.എ.ഡിക്ക് സമീപം കാറിന് തീപിടിച്ചു; യാത്രക്കാർ ചാടി രക്ഷപ്പെട്ടു
ആലുവ: ദേശീയ ആയുധ സംഭരണ ശാലയുടെ (എൻ.എ.ഡി) സമീപം കാർ തീപിടിച്ച് പൊട്ടിത്തെറിച്ചു. കാറിലെ നാല് യാത്രക്കാരും ചാടി ഇറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഇന്നലെ രാത്രി ഏഴ് മണിയോടെ എടത്തല എൻ.എ.ഡി തൊരപ്പ് ഗെയ്റ്റിന് സമീപമായിരുന്നു അപകടം. കളമശേരി ഭാഗത്തേക്ക് പോകയായിരുന്ന കാറിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നത്. പിന്നാലെ വന്ന ഇരുചക്ര വാഹന യാത്രക്കാർ മുന്നറിയിപ്പ് നൽകിയതോടെ കാർ യാത്രക്കാരായ നാലുപേരും പുറത്തേക്ക് ഇറങ്ങി. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു.
കാറിന്റെ ടയറും പെട്രോൾ ടാങ്കും പൊട്ടിത്തെറിച്ചു. സമീപത്തെ കുഴിക്കാട്ടുകര ജുമാമസ്ജിദ് വളപ്പിലെ പുൽപ്പടർപ്പുകൾക്ക് തീ പിടിച്ചു. എൻ.എ.ഡി ഗോഡൗണിലെ മതിലിലേക്കും തീഗോളം പതിച്ചു. വിവരമറിയിച്ചിട്ടും ആയുധ സംഭരണശാലയിൽ നിന്ന് ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനത്തിന് എത്തിയില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. എൻ.എ.ഡിയുടെ പ്രവേശന കവാടത്തിൽ നടന്ന സംഭവത്തിൽ ആറ് കിലോമീറ്റർ അകലെയുള്ള ആലുവയിൽ നിന്നും പിന്നീട് ഏലൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.