ഉടമസ്ഥാവകാശത്തിൽ കോടതി കേസുണ്ടെങ്കിലും പോക്കുവരവ് നടത്താം

Thursday 06 November 2025 12:33 AM IST

തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതി കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ പോക്കുവരവ് നിഷേധിക്കരുതെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ സർക്കുലർ. എന്നാൽ, പോക്കുവരവ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടെങ്കിൽ അനുവദിക്കില്ല.

ഭൂപരിഷ്കരണ നിയമപ്രകാരം പരിധിയിൽ കവിഞ്ഞ കൈവശ ഭൂമിയുടെയും കോടതിയിൽ കേസുള്ള ഭൂമി കൈമാറ്റം ചെയ്യുന്നതിന്റെയും പോക്കുവരവ് വില്ലേജ് ഓഫീസർമാർ നിഷേധിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്, വ്യക്തത വരുത്തിയത്. പോക്കുവരവ് സംബന്ധിച്ച 1964 -ലെ ആധികാരിക ചട്ട പ്രകാരം ഭൂമിയുടെ വിസ്തൃതി പോക്കുവരവിന് മാനദണ്ഡമല്ലെന്നും പോക്കുവരവ് കേരള ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമിയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിന് തടസമാവുന്നില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. പോക്കുവരവ് ചെയ്യുന്നതുമൂലം ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പടുന്നില്ലെന്നുള്ള സുപ്രീംകോടതി വിധി കൂടി പരിഗണിച്ചാണ് സർക്കുലർ.

വിൽപ്പത്രത്തിൽം പ്രശ്നമെങ്കിൽ

പോക്കുവരവ് പാടില്ല

1 പോക്കുവരവിന് അപേക്ഷ സമർപ്പിക്കുമ്പോൾ വിൽപ്പത്രത്തിൽ നിയമപ്രശ്നം നിലവിലുണ്ടെങ്കിൽ പോക്കുവരവ് അനുവദിക്കാൻ പാടില്ല

2 ഭൂപരിഷ്കരണ നിയമം അനുശാസിക്കുന്ന വിസ്തൃതിയിൽ അധികം ഭൂമി കൈവശം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ പോക്കുവരവ് അനുവദിക്കുന്നതോടൊപ്പം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്

3 പോക്കുവരവ് ട്രാൻസ്ഫർ ഒഫ് രജിസ്ട്രി റൂൾസ് ,1966-ലെ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണം. ചട്ടപ്രകാരമല്ലാതെ പോക്കുവരവ് അനുവദിക്കാനോ / നിഷേധിക്കാനോ പാടില്ല