പാനറ്റോണിയുടെ ലോജിസ്റ്റിക്സ് പാർക്ക് കൊച്ചിയിൽ
നിക്ഷേപം 800 കോടി രൂപ
തിരുവനന്തപുരം: കാലിഫോർണിയയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പാനറ്റോണിയും എടയാർ സിങ്കും കൈകോർത്ത് കൊച്ചിയിലെ എടയാർ ഇൻഡസ്ട്രിയൽ ഏരിയയിൽ 800 കോടി രൂപ മുതൽ മുടക്കിൽ ഗ്രേഡ് എ പ്ലസ് മൾട്ടി ക്ലയന്റ് ഇൻഡസ്ട്രിയൽ ആൻഡ് ലോജിസ്റ്റിക്സ് പാർക്ക് വികസിപ്പിക്കുന്നു.
വ്യവസായ മന്ത്രി പി. രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാനറ്റോണി ഇന്റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടർ നോർബർട്ട് സുമിസ്ലാവ്സ്‌കിയും എടയാർ സിങ്ക് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ബിസ്‌മിത്തും ധാരണാപത്രം ഒപ്പുവെച്ചു. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ പി. വിഷ്ണുരാജ്, കിൻഫ്ര എംഡി സന്തോഷ് കോശി എന്നിവർ പങ്കെടുത്തു.
180 ഏക്കറിൽ കേരള ലോജിസ്റ്റിക്സ് ആൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ആദ്യഘട്ട സംരംഭമായ പാനറ്റോണി പാർക്ക് 20 ഏക്കർ വിസ്തീർണ്ണത്തിൽ 5.2 ലക്ഷം ചതുരശ്ര അടി അടിസ്ഥാന സൗകര്യങ്ങളോടെയാണ് വികസിപ്പിക്കുന്നത്. 2027 ഫെബ്രുവരിയിൽ ആദ്യഘട്ട പ്രവർത്തനം തുടങ്ങും.
സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയുടെ പ്രാധാന്യം ഗണ്യമായി ഉയർന്നുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.