ക്രിപ്‌റ്റോ വിപണിയ്ക്ക് അടിതെറ്റുന്നു

Thursday 06 November 2025 12:38 AM IST

ബിറ്റ്‌കോയിൻ വില ഒരു ലക്ഷം ഡോളറിന് താഴെയെത്തി

കൊച്ചി: ദീർഘകാല നിക്ഷേപകർ സൃഷ്‌ടിച്ച വ്യാപാര സമ്മർദ്ദത്തിൽ ലോകത്തിലെ പ്രമുഖ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനിന്റെ വില മൂക്കുകുത്തി. ജൂണിന് ശേഷം ഇതാദ്യമായി ബിറ്റ്‌കോയിൻ വില ഒരു ലക്ഷം ഡോളറിന് താഴെയെത്തി. ചൊവ്വാഴ്ച ബിറ്റ്‌കോയിനിന്റെ മൂല്യത്തിൽ ഏഴ് ശതമാനം ഇടിവാണുണ്ടായത്. ഒരു മാസത്തിനിടെ വൻകിട ഉപഭോക്താക്കൾ അഞ്ച് ലക്ഷം ബിറ്റ്‌കോയിനുകളാണ് വിറ്റഴിച്ചത്. റെക്കാഡ് ഉയരത്തിൽ നിന്ന് ബിറ്റ്കോയിനിന്റെ വില 20 ശതമാനം ഇടിഞ്ഞു, 24 മണിക്കൂറിനിടെ 200 കോടി പോസിഷനുകളാണ് ഉപഭോക്താക്കൾ വിറ്റുമാറിയത്.

ബിറ്റ്‌കോയിനിലെ തകർച്ചയ്ക്ക് പിന്നാലെ പ്രമുഖ ക്രിപ്‌റ്റോകളായ ഇതേറിയം, സൊലാന, ബി.എൻ.ബി, ഡോജികോയിൻ, എക്സ്.ആർ.പി എന്നിവയും കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. ഇതേറിയത്തിന്റെ വില 7.64 ശതമാനം കുറഞ്ഞ് 3,347 ഡോളറായി. സൊലാനോയുടെ വില 4.06 ശതമാനം ഇടിഞ്ഞ് 158.29 ഡോളറിലെത്തി.