'പി.എച്ച്.ഡി നിഷേധം ജാതിവിവേചനമെന്ന്: വിദ്യാർത്ഥി വി.സിക്ക് പരാതി നൽകി
തിരുവനന്തപുരം: സംസ്കൃതം അറിയാത്ത വിദ്യാർത്ഥിക്കു സംസ്‌കൃതത്തിൽ പി.എച്ച്.ഡി നൽകാനുള്ള ശുപാർശ തടയണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല ഓറിയന്റൽ ഭാഷ ഡീനും സംസ്‌കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എൻ.വിജയകുമാരി വൈസ് ചാൻസലർക്ക് പരാതി നൽകിയതിനു പിന്നിൽ ജാതി വിവേചനമാണെന്ന് ഗവേഷക വിദ്യാർത്ഥി വിപിൻ വിജയൻ പരാതി നൽകി.
പി.എച്ച്.ഡി ബിരുദം നൽകുന്നതിന് മുന്നോടിയായി കഴിഞ്ഞ 15ന് നടന്ന ഓപ്പൺ ഡിഫൻസിൽ ചെയർമാനായി പരീക്ഷയിൽ പങ്കെടുത്ത പ്രയാഗ് രാജ് സർവകലാശാലയിലെ പ്രൊഫ. അനിൽ പ്രതാപ്ഗിരി പി.എച്ച്.ഡിക്ക് ശുപാർശ ചെയ്തിട്ടും സംസ്കൃത വിഭാഗം മേധാവിയും ഡീനുമായ വിജയകുമാരി ഓപ്പൺ ഡിഫൻസ് അനുബന്ധ രേഖകളിൽ ഒപ്പിടാത്തതുകൊണ്ട് തനക്ക് ഗവേഷണ ബിരുദം നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് പരാതിയിൽ പറയുന്നു.
ജാതിവിവേചനം നിർഭാഗ്യകരമെന്ന് മന്ത്രി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പി.എച്ച്.ഡി വിദ്യാർത്ഥിക്ക് ജാതിവിവേചനം നേരിടേണ്ടി വന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. വിദ്യാർത്ഥിയുടെ എം.ഫിൽ പ്രബന്ധം സാക്ഷ്യപ്പെടുത്തിയ അദ്ധ്യാപികയാണ് ഇപ്പോൾ വിദ്യാർത്ഥിക്ക് സംസ്കൃതമോ ഭാഷയോ അറിയില്ലെന്ന് പറയുന്നത്. ഇത് വിരോധാഭാസവും കെട്ടിച്ചമച്ചതുമാണ്. രാഷ്ട്രീയ കക്ഷികളുടെ താൽപര്യങ്ങൾക്കനുസരിച്ചല്ല അദ്ധ്യാപകർ പ്രവർത്തിക്കേണ്ടത്. സർക്കാർ ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.