നഷ്‌ടച്ചുഴിയിൽ വിമാന കമ്പനികൾ

Thursday 06 November 2025 12:42 AM IST

വ്യോമയാന മേഖലയിൽ നഷ്‌ടം കുമിയുന്നു

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് വില താഴുമ്പോഴും ഇന്ത്യൻ വിമാന കമ്പനികളുടെ നഷ്‌ടം കുതിച്ചുയരുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്റർഗ്ളോബ് ഏവിയേഷന്റെ(ഇൻഡിഗോ) നഷ്‌ടം നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ 2,582.10 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേകാലയളവിലെ നഷ്‌ടം 986.7 കോടി രൂപയായിരുന്നു. വിദേശ നാണയ വിപണിയിലെ ചാഞ്ചാട്ടമാണ് നഷ്‌ടം ഉയർത്തിയത്. ജൂലായ് മുതൽ സെപ്തംബർ വരെ കമ്പനിയുടെ വരുമാനം 9.3 ശതമാനം ഉയർന്ന് 18,555 കോടി രൂപയായി. മുൻവർഷം ഇക്കാലയളവിൽ 16,969 രൂപയായിരുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടത്തിൽ വിദേശ വിനിമയത്തിൽ 2,892 കോടി രൂപയുടെ നഷ്‌മാണ് കമ്പനി നേരിട്ടത്.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ എയർലൈനുകളായ എയർ ഇന്ത്യ, ടാറ്റ എസ്.ഐ.എ എയർലൈൻസ്, മറ്റ് ഉപകമ്പനികൾ എന്നിവയുടെ നഷ്‌ടം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 48 ശതമാനം ഉയർന്ന് 10,859 കോടി രൂപയിലെത്തി. സ്പൈസ് ജെറ്റ്, ആകാശ, ഗോ ഫസ്‌റ്റ് എന്നിവയും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഇന്ധന വില വെല്ലുവിളി

ക്രൂഡോയിൽ വിലയിലെ ചാഞ്ചാട്ടമാണ് വിമാന കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഏവിയേഷൻ ടർബൻ ഫ്യൂവലിന്റെ(എ.ടി.എഫ്) ചെലവിൽ ഒക്ടോബറിൽ 3.3 ശതമാനം വർദ്ധനയാണുണ്ടായത്. വ്യോമയാന കമ്പനികളുടെ മൊത്തം ചെലവിൽ 30 മുതൽ 40 ശതമാനം വരെ ഇന്ധനത്തിനാണ് മുടക്കുന്നത്.

യാത്രക്കാരുടെ എണ്ണം കുറയുന്നു

സെപ്തംബറിൽ രാജ്യത്ത് വിമാന യാത്രക്കാരുടെ എണ്ണം മുൻവർഷം ഇതേകാലയളവിനേക്കാൾ 1.4 ശതമാനം കുറഞ്ഞ് 128.5 ലക്ഷമായി. എയർലൈനുകൾ സീറ്റുകൾ വർദ്ധിപ്പിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ യാത്രികരുടെ എണ്ണത്തിൽ നേരിയ വർദ്ധനയാണുണ്ടായത്. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ഇന്ത്യൻ വ്യോമയാന വിപണിയുടെ വളർച്ചയെ ബാധിച്ചു

നടപ്പു സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന നഷ്‌ടം

10,500 കോടി രൂപ

ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആഭ്യന്തര യാത്രികർ

803.7 ലക്ഷം

വിപണി വിഹിതം

ഇൻഡിഗോ: 64%

എയർ ഇന്ത്യ: 27%

ആകാശ: 5.4%

സ്‌പൈസ് ജെറ്റ്: 2%