പൊലീസ്‌ മെഡലിലെ തെറ്റ്: ഏജൻസി കരിമ്പട്ടികയിൽ

Thursday 06 November 2025 12:45 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നിർമ്മിച്ചു നൽകിയതിൽ അക്ഷരത്തെറ്റ് വരുത്തിയ തിരുവനന്തപുരത്തെ ഭഗവതി ഇൻഡസ്ട്രീസിനെ ഒരു വർഷത്തേക്ക് കരിമ്പട്ടികയിലാക്കി ഉത്തരവിറക്കി. കഴിഞ്ഞ വർഷം മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിലാണ് അക്ഷരത്തെറ്റുകളുണ്ടായത്.

മുഖ്യമന്ത്രിയുടെ എന്നതിനു പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണു രേഖപ്പെടുത്തിയത്. പൊലീസ് മെഡൽ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തി. പൊലീസ് മെഡലിലെ സംസ്ഥാനമുദ്ര‌യിലും ഗുരുതര പിഴവുപറ്റി. മുദ്ര‌യുടെ ഏറ്റവും താഴെയാണു 'സത്യമേവ ജയതേ’ എന്നു രേഖപ്പെടുത്തിയത്. 2010ൽ മുദ്ര പരിഷ്‌കരിച്ചിരുന്നു. അശോക സ്തംഭത്തിനും ശംഖുമുദ്രയ്ക്കും മധ്യേ ‘സത്യമേവ ജയതേ’ എന്നു രേഖപ്പെടുത്തണമെന്നു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. പൊലീസ് മെഡലിൽ 2010നു മുൻപുള്ള മുദ്ര‌യാണ് ഉപയോഗിച്ചത്. ചുരുങ്ങിയ കാലയളവിൽ മെഡലുകൾ തയ്യാറാക്കേണ്ടിവന്നപ്പോഴുണ്ടായ വീഴ്ചയാണിതെന്നായിരുന്നു ഏജൻസിയുടെ വാദം. ഉത്തരേന്ത്യയിലെ ഒരു സ്ഥാപനം വഴിയാണ് അവർ മെഡലുകൾ തയ്യാറാക്കിയത്. 270 മെഡലുകൾ നിർമ്മിച്ചതിൽ 246 എണ്ണത്തിലും പിഴവുകളുണ്ടായി.