റാമ്പ് വാക്കുമായി ഹരിത കർമ്മ സേനാംഗങ്ങൾ
കോഴിക്കോട്: ഹരിത കർമ്മ സേനാംഗങ്ങൾ നടത്തിയ റാമ്പ് വാക്ക് കോഴിക്കോട്ടുകാർക്ക് പുത്തൻ അനുഭവമായി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച ഹരിത കർമ്മ സേനാ സംഗമത്തിലായിരുന്നു റാമ്പ് വാക്ക്.
ഇന്ത്യൻ ട്രഡീഷണൽ, കേരള ട്രഡീഷണൽ സ്റ്റൈൽ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 36 പേർ പങ്കെടുത്തു.
കേരള ട്രഡീഷണൽ സ്റ്റൈലിൽ സെറ്റ് മുണ്ടും കേരള സാരിയുമുടുത്തായിരുന്നു വനിതകളുടെ റാമ്പ് വാക്ക്. കസവ് മുണ്ടും മേൽവസ്ത്രവുമായിരുന്നു പുരുഷൻമാരുടെ വേഷം. റീത്ത സി.കെ ഒന്നാം സ്ഥാനം നേടി. തനൂജ മുരളി രണ്ടാം സ്ഥാനത്തെത്തി.
വർണാഭമായ സാരിയും ദുപ്പട്ടയോടുകൂടിയ സൽവാറും കമ്മീസുമണിഞ്ഞ് വനിതകളും പൈജാമ, കുർത്ത, ഷെർവാനി എന്നിവ അണിഞ്ഞ് പുരുഷൻമാരും ഇന്ത്യൻ ട്രഡീഷണൽ മത്സരത്തിൽ പങ്കെടുത്തു. മദന മൂർത്തിക്കാണ് ഒന്നാംസ്ഥാനം. ഹരിത.കെ റണ്ണറപ്പായി. ഹോളിക്രോസ് കോളേജിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഹരിത കർമ്മ സേനാംഗങ്ങളെ മത്സരത്തിനായി ഒരുക്കിയത്.