സ്വർണക്കൊള്ളയ്ക്ക് രാജ്യാന്തര സ്റ്റൈൽ, വൻ ഗൂഢാലോചനയിൽ വിരൽ ചൂണ്ടി ഹൈക്കോടതി
സുഭാഷ് കപൂറിന്റെ ഓപ്പറേഷന് സമാനം വാതിലിന് മല്യ നൽകിയത് 2519.76 ഗ്രാം പോറ്റി പൂശിയത് 324.40 ഗ്രാം സ്വർണം
കൊച്ചി: ക്ഷേത്രകലാവസ്തുക്കൾ മോഷ്ടിക്കുന്ന രാജ്യാന്തര സംഘത്തിന്റെ പ്രവർത്തന രീതിയുമായി ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്ക് സാമ്യമുണ്ടെന്ന് ഹൈക്കോടതി. കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂർ ഉൾപ്പെടെ ചെയ്ത ഓപ്പറേഷന് സമാനമാണിത്.
ക്ഷേത്ര കലാസൃഷ്ടികൾ രാജ്യാന്തര വിപണിയിൽ മോഹവിലയ്‌ക്ക് വിൽക്കാനാകും. ശബരിമലയിലെ സ്വർണം പൊതിഞ്ഞ വിലപ്പെട്ട വസ്തുക്കളുടെ ഒറിജിനൽ മാറ്റിവച്ച് പകർപ്പുകൾ ഹാജരാക്കിയുള്ള മോഷണമാണ് നടന്നതെന്ന സംശയം ബലപ്പെട്ടതായും കോടതി പറഞ്ഞു.
ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ പ്രധാന വാതിൽ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതും അന്വേഷിക്കണം. ദുരൂഹ ഇടപാടുകളെല്ലാം ദേവസ്വം ബോർഡ് അധികൃതരുടെ അറിവോടെയാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. കത്തിടപാടുകൾ നടന്നിട്ടുണ്ട്. പിടിച്ചെടുത്ത ദേവസ്വം മിനിട്സിൽ 2025 ജൂലായ് 28ന് ശേഷം ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണാം. ഇതിനു ശേഷമാണ് ദ്വാരപാലക ശില്പങ്ങൾ ഇക്കുറി അറ്റകുറ്റപ്പണിക്ക് കൊടുത്തതെന്ന് ഓർമ്മിക്കണം. ഇതും ഗൗരവ ക്രമക്കേടാണ്.
ചെമ്പുപാളികളാണ് കൊടുത്തുവിടുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചത് ബോധപൂർവമാണ്. അതിനാൽ ഇവർക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തുന്ന കാര്യം എസ്.ഐ.ടി പരിശോധിക്കാനും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
സ്വർണം ചെമ്പായ വഴി
2018-2019ലാണ് ശ്രീകോവിലിന്റെ വാതിൽ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത്. പോറ്റി തൃശൂരിലെ നന്ദൻ എന്ന മരപ്പണിക്കാരനെ ചുമതലപ്പെടുത്തി
ബംഗളൂരുവിൽ വച്ച് മരം കൊണ്ട് പുതിയ വാതിൽ നിർമ്മിച്ച് ഹൈദരാബാദിൽ എത്തിച്ച് ചെമ്പ് പൊതിയുകയും ചെന്നൈയിൽ സ്വർണം പൂശുകയും ചെയ്തു
ശ്രീകോവിലിന്റെ പഴയ വാതിൽ മാറ്റിയിരുന്നു.1998-99ൽ വിജയ് മല്യയുടെ കമ്പനി, 24 ക്യാരറ്റിന്റെ 2519.76 ഗ്രാം സ്വർണം പൊതിഞ്ഞ വാതിലായിരുന്നു ഇത്
പോറ്റി നിർമ്മിച്ച വാതിലാണ് പകരം വച്ചത്. ഇതിൽ പൂശുന്നതിന് 324.40 ഗ്രാം സ്വർണം മാത്രമാണ് ഉപയോഗിച്ചതെന്ന് മഹസറിൽ വ്യക്തമാണ്
2019 മാർച്ചിൽ ഇത് സന്നിധാനത്തേക്ക് കൊണ്ടുവരും വഴി കോട്ടയം എളമ്പള്ളി അമ്പലത്തിൽ പൂജ നടത്തി. സിനിമാനടനും ദേവസ്വം ഉദ്യോഗസ്ഥരും പങ്കെടുത്തു
സുഭാഷ് കപൂർ
ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ. രാജ്യാന്തര കലാസൃഷ്‌ടി കള്ളക്കടത്തുകാരൻ. തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച 14-ാം നൂറ്റാണ്ടിലെ പാർവതി വിഗ്രഹവും മറ്റും വിദേശത്ത് വിറ്റ കേസിൽ 2011ൽ അമേരിക്കൻ കസ്റ്റംസ് പിടികൂടി. 44 കോടിയുടെ വിഗ്രഹമാണ് കണ്ടെടുത്തത്. അമേരിക്ക കൈമാറിയതിനെ തുടർന്ന് കപൂറിനെ തിരുച്ചിറപ്പള്ളി ജയിലിൽ അടച്ചിരുന്നു.