ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ആരോഗ്യനില കൂടുതൽ വഷളാകാത്തതിനാൽ ഡോക്ടർമാർ പ്രതീക്ഷയിലാണ്. രണ്ടു ദിവസം ഈ സ്ഥിതി തുടർന്നാൽ പതിയെ മെച്ചപ്പെടുമെന്നും ഡോക്ടർമാർ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രി ക്രിട്ടിക്കൽ കെയർ ഐ.സി.യുവിൽ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി.
അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകൾ അനക്കാൻ ശ്രമിച്ചു. ഇന്നലെ രാവിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കിരണിന്റെ നേതൃത്വത്തിൽ സർജറി, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, ക്രിട്ടിക്കൽ കെയർ, ഇ.എൻ.ടി,ഓർത്തോ വിഭാഗങ്ങളിലെ ഡോക്ടർമാർ ശ്രീക്കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്‌സോണൽ ഇൻജുറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. അതിനാൽ, സാധാരണ നിലയിലാകാൻ സമയം വേണ്ടിവരും.