എഴുത്തുകാർ വിപണിയുടെ ഭാഗം മാത്രമല്ല: വിനു ഏബ്രഹാം

Thursday 06 November 2025 12:05 AM IST

പത്തനംതിട്ട: എഴുത്തുകാരുടെ ലക്ഷ്യം വിപണി മാത്രമാണെന്ന് ധരിക്കുന്നത് ആശ്വാസ്യമായ പ്രവണതയല്ലെന്ന് നോവലിസ്റ്രും തിരക്കഥാകൃത്തുമായ വിനു ഏബ്രഹാം പറഞ്ഞു. കേരള പത്രപ്രവ‌ർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാളവിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ സാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് എഴുത്തിന്റെയും വായനയുടെയും ഗൗരവം നഷ്ടപ്പെടുകയാണ്. വിപണിമാത്രം ലക്ഷ്യമാക്കിയുള്ള രചനകളാണ് ഇപ്പോഴുള്ളവയിൽ പലതും. കൂടുതൽ വിറ്റഴിക്കപ്പെടുന്നതാണ് നല്ല കൃതികൾ എന്ന ധാരണ തെറ്റാണ്. വിപണിയുടെ തന്ത്രങ്ങൾക്ക് എഴുത്തുകാർ കീഴടങ്ങാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ വിനോദ് ഇളകൊള്ളൂർ അദ്ധ്യക്ഷതവഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്ര്യൂട്ട് ഭരണ സമിതി അംഗം അഡ്വ.സുധീഷ് വെൺപാല, കവിയും കഥാകൃത്തുമായ ഉണ്ണികൃഷ്ണൻ പൂഴിക്കാട്, മലയാള വിഭാഗം അദ്ധ്യക്ഷ ഡോ.ബിൻസി.ടി.ജെ, പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ അനിൽ വള്ളിക്കോട് സ്വാഗതവും മാദ്ധ്യമ പ്രവ‌ർത്തകൻ ജി.രാജേഷ് കുമാർ നന്ദിയും പറഞ്ഞു.