ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ അന്വേഷണം വരും
കൊച്ചി: ശബരിമലയിലെ സ്വർണമോഷണം കൃത്യമായി തിട്ടപ്പെടുത്താൻ ആവശ്യമായ ശാസ്ത്രീയ അന്വേഷണത്തിനുള്ള മാർഗ്ഗങ്ങൾ ഹൈക്കോടതി നിർദ്ദേശിച്ചു. എസ്.ഐ.ടി കോടതിയെ അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.
ദ്വാരപാലക സ്വർണപ്പാളികളുടെയും സൈഡ് പില്ലർ പാളികളുടെയും തൂക്കമെടുക്കണം. 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കമെടുക്കണം. അന്ന് തൂക്കം രേഖപ്പെടുത്തിയിരുന്നില്ല. പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തു നിന്ന് സ്വർണ സാമ്പിളെടുക്കണം. 1998ൽ സ്വർണം പൊതിഞ്ഞതിന്റെ അളവും പിന്നീടുണ്ടായ നഷ്ടവും തിട്ടപ്പെടുത്താനാണിത്. കേസിൽ ഉൾപ്പെട്ട ഭാഗത്തിന്റെ വിസ്തീർണം പ്രത്യേകം രേഖപ്പെടുത്തണം. ദ്വാരപാലകശില്പങ്ങളിലെയും കട്ടിളയിലെയും ചെമ്പുപാളികളുടെ സാമ്പിളെടുക്കണം. മറ്റിടങ്ങളിൽ നിന്നും സാമ്പിളെടുക്കണം. ഇത് ഫിസിക്കൽ, കെമിക്കൽ, ഇലക്ട്രിക് കണക്ടിവിറ്റി ടെസ്റ്റുകൾ, സ്പെക്ട്രോസ്കോപ്പിക് അനാലിസിസ്, മൈക്രോ സ്ട്രക്ചർ പരിശോധന എന്നിവയ്‌ക്ക് വിധേയമാക്കണം.
ശബരിമലയിലെ വിലപ്പെട്ട സ്വത്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തത് ഞെട്ടിപ്പിക്കുന്നതാണ്. പവിത്രമായ വസ്തുക്കളുടെ വ്യാജപ്പതിപ്പുകൾ സമർപ്പിക്കുന്നിടം വരെ കാര്യങ്ങളെത്തി. മാന്വലും കോടതി നിർദ്ദേശവും മറികടന്നു. നടപടികൾ സ്പെഷ്യൽ കമ്മിഷണറെ അറിയിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണി ചെയ്യാൻ 2024ലും തിടുക്കപ്പെട്ട നീക്കങ്ങളുണ്ടായി. പല ഉത്തരവുകളും ഇറക്കിയെങ്കിലും നടന്നില്ല. 2025 ജൂലായിൽ ദുരൂഹമായി ഈ ആവശ്യം വീണ്ടും ഉയരുകയും അനുവദിക്കുകയും ചെയ്തു.
ബാക്കിവന്ന 474 ഗ്രാം സ്വർണം തന്റെ പക്കലുണ്ടെന്ന് 2019ൽ പോറ്റി തന്നെ കത്തയച്ചിരുന്നു. അന്ന് ക്രിമിനൽ നടപടിക്ക് ശുപാർശ ചെയ്യാത്തത് അത്ഭുതമാണ്. ഇത് അറിഞ്ഞുതന്നെ നിലവിലെ ബോർഡും സ്വർണ ഇടപാടുകൾ പോറ്റിയെ ഏല്പിച്ചു. പീഠങ്ങൾ ഇയാളുടെ സഹോദരിയുടെ വീട്ടിലെത്തിച്ചകാര്യം വിജിലൻസ് അന്വേഷണം വരെ ബോർഡ് കണ്ടെത്തിയില്ല, അന്വേഷിച്ചതുമില്ല.
പോറ്റിയുടെ തിരിമറിക്ക് വർഷങ്ങളുടെ പഴക്കം
ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരുവിതാംകൂർ ദേവസ്വം അധികൃതർ നൽകിയത് പൂർണ സ്വാതന്ത്ര്യമാണെന്ന് കോടതി വിമർശിച്ചു. സ്പോൺസർഷിപ്പിന്റെ പേരിലുള്ള ദുരൂഹ ഇടപാടുകൾ 2018 മുതൽ തുടങ്ങിയെന്ന് രേഖകളിൽ വ്യക്തമാണ്.
അറ്റകുറ്റപ്പണികളിൽ കർശന മേൽനോട്ടമുണ്ടായില്ല. ദേവസ്വം മരാമത്ത് വകുപ്പിനെ ഇടപെടുത്തിയില്ല. ശാന്തിക്കാരാണ് വാതിൽ അഴിച്ചുകൊടുത്തത്. വാതിൽ സ്വർണം പൂശുന്നതിന് സാക്ഷ്യം വഹിക്കാൻ ദേവസ്വം പ്രസിഡന്റിനെ പോറ്റി ചെന്നൈയിലേക്ക് ക്ഷണിച്ചു. താമസസൗകര്യവും വാഗ്ദാനം ചെയ്തു. എന്നാൽ, ഉദ്യോഗസ്ഥരെയാണ് ബോർഡ് നിയോഗിച്ചത്. 2019 മാർച്ച് 3ന് വാതിൽ സ്വർണം പൂശി. ഇത് സന്നിധാനത്തെത്തിക്കാൻ പോറ്റിയെ ചുമതലപ്പെടുത്തിയാണ് അന്നത്തെ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു മഹസർ എഴുതിയത്. മാർച്ച് 11നാണ് പോറ്റി വാതിൽ തിരിച്ചെത്തിച്ചത്. അന്ന് മഹസറെഴുതിയത് എക്സി. ഓഫീസർ സുധീഷ്‌കുമാറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവുമാണ്. ഇതിനിടയിലാണ് വാതിൽ മറ്രൊരു ക്ഷേത്രത്തിലെത്തിച്ചത്.
വെയിലും മഴയുമേറ്റ് പഴയ ശ്രീകോവിൽ വാതിൽ
ശബരിമലയിലെ പഴയ ശ്രീകോവിൽ വാതിലിൽ പൊതിഞ്ഞിരുന്ന സ്വർണം സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് പരിശോധന നടത്തുമ്പോൾ പഴയ ശ്രീകോവിൽ വാതിൽ അഷ്ടാഭിഷേക കൗണ്ടറിന് സമീപം വെയിലും മഴയുമേറ്റ് കിടക്കുന്നതായി കണ്ടെത്തിയിരുന്നു. അപ്പോൾ മാത്രമാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയത്. ഈ വാതിൽ സ്വർണം പൊതിഞ്ഞതാണോ എന്നും യഥാർത്ഥ വാതിൽ പോറ്റിക്കും കൂട്ടർക്കും അന്ന് കൈമാറിയിരുന്നോയെന്നും കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. സ്വർണമോഷണം തിട്ടപ്പെടുത്താൻ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി, വിഷയം ഡിസംബർ 3ന് പരിഗണിക്കാൻ മാറ്റി. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, എസ്.പി എസ്. ശശിധരൻ എന്നിവർ കോടതിയിൽ ഹാജരായി പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്ന് ദേവസ്വം ബെഞ്ച് വിലയിരുത്തി.