അമ്പലപ്പാറയിൽ ഓലചുരുട്ടി പുഴു ശല്യം വ്യാപകം

Thursday 06 November 2025 1:17 AM IST
അമ്പലപ്പാറയിൽ രണ്ടാം വിളയിറക്കിയ പാടശേഖരങ്ങളിൽ ബാധിച്ച പുഴുശല്യം

ഒറ്റപ്പാലം: അമ്പലപ്പാറയിൽ രണ്ടാം വിള നെൽകൃഷിയിറക്കിയ പാടശേഖരങ്ങളിൽ വ്യാപകമായി ഓലചുരുട്ടി പുഴുവിന്റെ ശല്യം. കൃഷി ഇറക്കി ഒരു മാസം പിന്നിട്ടതോടെയാണ് ഓല ചുരുട്ടി പുഴു വ്യാപകമായി കൃഷി നാശമുണ്ടാക്കുന്നത്. ഇതേ തുടർന്ന് കർഷകർ ദുരിതത്തിലാണ്. അമ്പലപ്പാറയിൽ വിവിധ പാടശേഖരങ്ങളിലായി ഏകദേശം 80 ഏക്കർ സ്ഥലത്താണ് പുഴു ശല്യം കൊണ്ട് കർഷകർ ബുദ്ധിമുട്ടുന്നത്. മുട്ടിപ്പാലം, തിരുണ്ടി, ചെറുമുണ്ടശ്ശേരി, വേങ്ങശ്ശേരി, പയ്യപ്പാടം, മേലൂർ തുടങ്ങിയ പാടശേഖരങ്ങളിലാണ് ശല്യം കൂടുതലായിട്ടുള്ളത്. ചില പാടശേഖരങ്ങളിൽ തണ്ട് തുരപ്പന്റെയും മഞ്ഞളിപ്പിന്റെയും പ്രശ്നവുമുണ്ട്. ഒരു മാസത്തിനിടെ മൂന്ന് തവണ മരുന്നടിച്ചിട്ടും പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്ന് കർഷകനായ ഐ.ടി.പ്രദീപ് പറഞ്ഞു. മൂന്ന് ഏക്കറിലാണ് പ്രദീപ് കൃഷി ഇറക്കിയിട്ടുള്ളത്. മരുന്ന് അടിക്കുന്നതാണെങ്കിൽ ഇരട്ടി ചെലവും ഉണ്ടാക്കുന്നു. പൊന്മണി വിത്ത് ഉപയോഗിച്ച് കൃഷി ഇറക്കിയ കർഷകർക്കാണ് കൂടുതൽ പ്രശ്നമുള്ളത്. മൂപ്പ് കുറഞ്ഞ പൊന്മണി പോലുള്ള വിത്തുകൾ ആണ് ചില കൃഷിയിടങ്ങൾക്ക് അനുയോജ്യമായിട്ടുള്ളത്. അത് കൊണ്ട് കർഷകർ പുറമെ നിന്ന് കിലോക്ക് 50 രൂപ നൽകിയാണ് ഈ വിത്തുകൾ വാങ്ങി കൃഷി ചെയ്തിരുന്നത്. കൃഷി ഭവനിൽ നിന്ന് ലഭിക്കുന്ന ഉമ വിത്ത് വിതച്ച ചില കർഷകർക്കും സമാന പ്രശ്നമുണ്ട്. ഞാറ് നട്ട് 25 ദിവസം മുതൽ 35 ദിവസം വരെ പ്രായമായ നെൽ ചെടികളാണ് പുഴുശല്യം കാരണം പച്ചപ്പ് വിട്ട് വെള്ള കളറായി മാറി കൊണ്ടിരിക്കുന്നത്. വെള്ളത്തിന്റെ പ്രശ്നം മൂലം ഒന്നാംവിള ഒഴിവാക്കുന്ന കർഷകരുടെ പ്രധാന ആശ്രയം രണ്ടാം വിളയാണ്. ഇതിനിടയിലാണ് ഓല ചുരുട്ടി പുഴുവിന്റെ ശല്യവും ഉടലെടുത്തിരിക്കുന്നത്.