സ്വർണക്കൊള്ള: ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് പഞ്ചനക്ഷത്ര ഹോട്ടലിൽ
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുമായി പോയ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ചെന്നെയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ. ഐ.ടി.സി ഗ്രാന്റ് ചോളയിലും ടി നഗറിലെ ശബരി ഗ്രാന്റിലുമായിരുന്ന താമസം. ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള സ്യൂട്ടുകളിൽ തങ്ങിയത് ദിവസങ്ങളോളം.
ഉദ്യോഗസ്ഥർ എവിടെയാണ് തങ്ങിയതെന്നും ആരുടെ ആതിഥ്യമാണ് സ്വീകരിച്ചതെന്നും അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ ഏഴിനാണ് കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികളുമായി ഇവർ ചെന്നൈയിലേക്ക് പോയത്.
ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ, തിരുവാഭരണം സ്‌പെഷ്യൽ കമ്മിഷണർ റെജിലാൽ, ദേവസ്വം വിജിലൻസ് എസ്.ഐ രാഖേഷ്, രണ്ട് പൊലീസുകാർ, ദേവസ്വം സ്മിത്ത്, രണ്ട് ഗാർഡുമാർ, സ്വർണപ്പാളികൾ വഴിപാടായി സമർപ്പിച്ച സ്‌പോൺസറുടെ പ്രതിനിധി എന്നിവരാണ് ഉണ്ടായിരുന്നത്.
ദേവസ്വം ഉദ്യോഗസ്ഥർക്കൊപ്പം ബോർഡിലെ ചില അംഗങ്ങളും ഇവിടെയെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്റ്റാർ ഹോട്ടലിൽ തങ്ങാൻ പണം ചെലവഴിച്ചത് ആരാണെന്ന് അന്വേഷിക്കും. കേസിൽ ഇതുവരെ പേരുവിവരങ്ങൾ പുറത്തുവരാത്ത ചില ഉന്നതരാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇവർക്ക് സ്വർണക്കൊള്ളയുമായുള്ള ബന്ധവും അന്വേഷിക്കും.