ശബരിമല തീർത്ഥാടനം : സുരക്ഷ ശക്തമാക്കും

Thursday 06 November 2025 12:22 AM IST

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ജില്ലാകളക്ടർ എസ്.പ്രേംകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ വിലയിരുത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങിലെ പൊലീസ് സി സി ടി.വി ദൃശ്യങ്ങൾ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ ലഭിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങിലെ സുരക്ഷ ശക്തമാക്കും. കുള്ളാർ അണക്കെട്ടിലും പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കും. ളാഹ മുതൽ പമ്പ വരെ 23 ആനത്താരകളിൽ മുന്നറിയിപ്പ് ബോർഡുകളുണ്ടാകും. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പത്തനംതിട്ട, റാന്നി, റാന്നി പെരുനാട് എന്നിവിടങ്ങളിലെ ആശുപത്രികൾ പൂർണ സജ്ജമാക്കും. പന്തളം വലിയകോയിക്കൽ ക്ഷേത്ര പരിസരത്ത് മെഡിക്കൽ യൂണിറ്റിനെ നിയോഗിക്കും. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ താൽക്കാലിക ആയുർവേദ, ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കും. പമ്പ ത്രിവേണിയിലും അനുബന്ധ കടവുകളിലും ബാരിക്കേഡുകൾ ദേവസ്വം ബോർഡ് നിർമിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ കടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും. മെലപ്ര - മണ്ണാറക്കുളഞ്ഞി, മണ്ണാറക്കുളഞ്ഞി - ചാലക്കയം - പമ്പ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി തീർത്ഥാടനത്തിന് മുമ്പ് പൂർത്തിയാക്കും. ജില്ലാ പൊലിസ് മേധാവി ആർ.ആനന്ദ്, റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, തിരുവല്ല സബ് കളക്ടർ സുമിത് കുമാർ താക്കൂർ, ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

മുന്നറിയിപ്പ് നൽകും

നദികളിലെ അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കും. പന്തളത്ത് അഗ്നിരക്ഷ വകുപ്പ് താൽക്കാലിക ഫയർ സ്റ്റേഷൻ സ്ഥാപിക്കും. പമ്പയിൽ സ്‌കൂബ ഡൈവിംഗ് സേവനം ഉറപ്പാക്കും.

എല്ലാ ജില്ലകളിൽ നിന്നും ട്രാൻ.സർവീസ്

പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും കെ എസ് ആർ ടി സി ബസ് സർവീസ് നടത്തും. ബസുകളിൽ തീർത്ഥാടകർ ഓടിക്കയറുന്നത് ഒഴിവാക്കാൻ ക്യൂ സംവിധാനം ഏർപ്പെടുത്തും.

വില വിവരപട്ടിക

ഭക്ഷണ സാധനങ്ങളുടെ വില വിവരപട്ടിക കടകളിൽ പ്രദർശിപ്പിക്കും. ഭക്ഷണ സാധനങ്ങളുടെ അളവും വിലയും ലീഗൽ മെട്രോളജി വകുപ്പിന്റെ കീഴിൽ പരിശോധിക്കും.

23 ആനത്താരകളിൽ മുന്നറിയിപ്പ്

ബോർഡുകൾ സ്ഥാപിക്കും,

സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങിൽ കനത്ത സുരക്ഷയൊരുക്കും.