കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം, ഡിസ്പെൻസറി മുതൽ മീൻകട വരെ
കോഴഞ്ചേരി : പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ്, ആയുർവേദ - ഹോമിയോ ഡിസ്പൻസറികൾ, വില്ലേജ് ഓഫീസ്, കൃഷിഭവൻ, ഡി.ടി.പി.സി ആസ്ഥാനം, പഞ്ചായത്ത് മിനി ഓഡിറ്റോറിയം, മത്സ്യഫെഡ് വില്പന കേന്ദ്രം എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളാൽ സമൃദ്ധമാണ് കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം. വിവിധ സർക്കാർ വകുപ്പുകൾ
സ്റ്റേഡിയത്തിൽ ചേക്കേറിയപ്പോൾ പന്തുരുളാൻ സ്ഥലമില്ലാതായി. ഇതിനു പുറമെ പഞ്ചായത്തിലെ മാലിന്യ സംസ്കരണ കേന്ദ്രവും ഇവിടെ സ്ഥാപിച്ചതോടെ വൃത്തിഹീനവും ദുർഗന്ധ പൂരിതവുമായി നാട്ടുകാരുടെ കളിക്കളം. പൊലീസ് സർക്കിൾ ഓഫീസും വില്ലേജ് ഓഫീസും ഇവിടെ നിന്ന് മാറിയെങ്കിലും പഞ്ചായത്തിലെ ശുചിത്വ പദ്ധതിയുടെ ഭാഗമായുള്ള അജൈവ മാലിന്യങ്ങളുടെ സംഭരണ കേന്ദ്രത്തിനും സ്റ്റേഡിയം ഇടമൊരുക്കി. ഇപ്പോൾ സ്റ്റേഡിയമെന്ന സങ്കല്പത്തെ പൂർണമായും ഇല്ലാതാക്കുന്നവിധം നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ സ്റ്റേഡിയത്തിന്റെ അവശേഷിക്കുന്ന ഭാഗംകൂടി ഉൾപ്പെടുത്തി ആധുനിക മാർക്കറ്റ് കോംപ്ളക്സ് നിർമിക്കാൻ പദ്ധതിയൊരുക്കുകയാണ് പഞ്ചായത്ത് ഭരണ സമിതി. കോംപ്ളക്സ് പണിയുന്നതിനോടൊപ്പം സ്റ്റേഡിയത്തിന് പിന്നിലെ പാടശേഖരം ഏറ്റെടുത്ത് നികത്തി സ്റ്റേഡിയവും ബസ് സ്റ്റാൻഡും പണിയുമെന്നാണ് വാഗ്ദാനം. ചെളിക്കളവും ദുർഗന്ധം നിറഞ്ഞതുമായ മൈതാനം കൂടി ഇല്ലാതാകുമ്പോൾ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം എന്നെഴുതിയ കമാനം മാത്രം നോക്കുകുത്തിയാകും.
നാടിന്റെ കളിക്കളം
1993ലാണ് കോഴഞ്ചേരി ടി.ബി ജംഗ്ഷന് സമീപം പാടംനികത്തി പഞ്ചായത്ത് സ്റ്റേഡിയം പണിതത്. സംസ്ഥാനത്ത് വോളിബോളിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കാവുന്ന കോഴഞ്ചേരിയിൽ ആദ്യകാലങ്ങളിൽ വോളിബോൾ ടൂർണമെന്റുകളും ക്രിക്കറ്റ് മത്സരങ്ങളും നടന്നിരുന്നു. പുഷ്പമേളയ്ക്കും സാംസ്കാരിക കൂട്ടായ്മകൾക്കും വേദിയായി ക്രമേണമാറി.