ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 പുതിയ തസ്തിക
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാസർകോട്, വയനാട് മെഡിക്കൽ കോളേജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും. ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതിനാൽ പൊതുജനാരോഗ്യ മേഖലയിൽ ഗുണനിലവാരം കുറഞ്ഞതായി സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അനുവദിച്ചതിലും കുറവാണ് ആശുപത്രികളിലെ ഡോക്ടർമാരുടെ എണ്ണമെന്നും ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ് നിർദ്ദേശിക്കുന്ന സൗകര്യങ്ങൾ പോലുമില്ലെന്നും സി.എ.ജി കുറ്റപ്പെടുത്തിയിരുന്നു.
പൊലീസ് അക്കാഡമി, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് എന്നിവിടങ്ങളിൽ രണ്ട് ആർമറർ പൊലീസ് കോൺസ്റ്റബിൾ തസ്തിക വീതം ആകെ 4 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.
ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസിൽ ഫെൻസിംഗിൽ സ്വർണ മെഡൽ നേടിയ അവതി രാധികാ പ്രകാശിന് മൂന്നും, സ്വിമ്മിംഗിൽ വെള്ളി മെഡൽ നേടിയ ഷിബിൻ ലാൽ.എസ്.എസിന് രണ്ടും അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കും.
ഗവൺമെന്റ് പ്ലീഡർമാർ
ഗവൺമെന്റ് പ്ലീഡർമാരായി കൊച്ചി കടവന്ത്ര സ്വദേശി രാജി ടി. ഭാസ്കർ, മട്ടാഞ്ചേരി സ്വദേശി ജനാർദ്ദന ഷേണായ്, കൊച്ചി പവർ ഹൗസ് എക്സ്റ്റൻഷൻ റോഡിൽ താമസിക്കുന്ന എ.സി. വിദ്യ, കാക്കനാട് സ്വദേശി അലൻ പ്രിയദർശി ദേവ്, ഞാറക്കൽ സ്വദേശി ശില്പ എൻ.പി, പുനലൂർ സ്വദേശി നിമ്മി ജോൺസൻ എന്നിവരെ നിയമിച്ചു. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർമാരുടെ രണ്ട് ഒഴിവുകളിലേക്ക് നിലവിലെ പ്ലീഡർമാരായ കൊച്ചി വടുതല സ്വദേശി വി.എസ്. ശ്രീജിത്ത്, എറണാകുളം നോർത്ത് സ്വദേശി ഒ.വി.ബിന്ദു എന്നിവരെ നിയമിക്കും. ശേഷിക്കുന്ന രണ്ട് ഒഴിവുകളിലേക്ക് കൊച്ചി സൗത്ത് ചിറ്റൂർ സ്വദേശി എം.എസ്. ബ്രീസ്, കൊച്ചി തണ്ടത്തിൽ ഹൗസിലെ ജിമ്മി ജോർജ് എന്നിവരെയും നിയമിക്കും.
സ്റ്റാന്റിംഗ് കോൺസൽ
സുപ്രീംകോടതി സ്റ്റാന്റിംഗ് കോൺസൽമാരായി സി.കെ. ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരെ ജൂലായ് 23 മുതൽ മൂന്നുവർഷ കാലയളവിലേക്ക് പുനർനിയമിച്ചു.