മാനാഞ്ചിറ പാർക്കിൽ ഇനി മിയാവാക്കി വനം

Thursday 06 November 2025 12:33 AM IST
കോർപ്പറേഷനും ദർശനം സാസ്ക്കാരിക വേദിയും സംയുക്തമായി നടപ്പിലാക്കുന്ന

കോഴിക്കോട്: വാഹനങ്ങൾ പുറംതള്ളുന്ന കാർബണിൽ ശ്വാസംമുട്ടുന്ന കോഴിക്കോട് നഗരത്തിന് ആശ്വാസമായി സൂക്ഷ്മ വനം ഒരുങ്ങുന്നു. നഗരത്തെ കാർബൺ രഹിതമാക്കുക എന്ന ലക്ഷ്യമിട്ട് മിയാവാക്കി മാതൃകയിലാണ് പദ്ധതി ഒരുങ്ങുന്നത്. മാനാഞ്ചിറ അൻസാരി പാർക്കിൽ ഫൗണ്ടന് സമീപം അനുവദിച്ച ഒരു സെന്റ് സ്ഥലത്ത് 70 വൃക്ഷങ്ങളാണ് നട്ടുവളർത്തുന്നത്. സി.ഡബ്ല്യു.ആർ.ഡി.എം, ബൊട്ടാണിക്കൽ ഗാർഡൻ, സോഷ്യൽ ഫോറസ്ട്രി എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാളാണ്ടിതാഴത്ത് പെർളാൻകാവിലും കാവില്ലത്ത് താഴം കാവിലും പദ്ധതി നടപ്പാക്കും. കോർപ്പറേഷനും ദർശനം സാസ്കാരിക വേദിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി ഉദ്ഘാടനം ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് നിർവഹിച്ചു. ദർശനം പ്രസിഡന്റ് പി. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ എം.പി. ഹമീദ്, ഒ.സദാശിവൻ, സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞ ഡോ. പി.മഞ്ജുള , മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ശാസ്ത്രജ്ഞ ഡോ.പൂജ പുഷ്ക്കരൻ, നവനീത് കൃഷ്ണ ശർമ്മൻ, ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് ഇൻചാർജ് തീർത്ഥ എസ്.നായർ, ദർശനം കമ്മിറ്റി അംഗങ്ങളായ എം.എൻ. രാജേശ്വരി, ആബിദ പള്ളിത്താഴം എന്നിവർ പ്രസംഗിച്ചു. ദർശനം എക്സിക്യൂട്ടീവ് അംഗം കെ.എം ശ്രീനിവാസൻ സ്വാഗതവും കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ കെ. സതീശൻ നന്ദിയും പറഞ്ഞു.

മിയാവാക്കി

150–200 വർഷം കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ട് സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണ് മിയാവാക്കി വനം. നഗരങ്ങൾ വനവത്കരിക്കുന്നതിനായി പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാണു മിയാവാക്കി വനം ഒരുക്കുന്നത്. രണ്ടര അടി ഉയരത്തിലുള്ള വൻമരങ്ങൾ, ഇടത്തരം മരങ്ങൾ, ചെറിയ ചെടികൾ, കുറ്റിച്ചെടികൾ എന്നിങ്ങനെ നാലു തട്ടുകളിലായി ഒരു ചതുരശ്ര മീറ്ററിൽ 3-4 ചെടികൾ ക്രമത്തിൽ വച്ചുപിടിപ്പിക്കുന്നതാണു സാധാരണ രീതി. മദ്ധ്യത്തിലായിരിക്കും വൻമരങ്ങൾ. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിനുള്ളിൽ നടീൽ മിശ്രിതം നിറച്ചാണു തൈകൾ നടുന്നത്.

''ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറിയിലെ എൻ.എസ്.എസ് വോളണ്ടിയർമാരും ഗവ. മോഡൽ ഹൈസ്കൂളിലെ കുട്ടികളും മാർച്ചു വരെ കാട് നനയ്ക്കും. വേനലവധിക്കാലം നഗരത്തിലെ പരിസ്ഥിതി പ്രവർത്തകർ പരിപാലന ചുമതല നിർവഹിക്കും. 3 വർഷം കഴിഞ്ഞാൽ നനയ്ക്കേണ്ടതില്ല. പിന്നീട് നഗരസഭയ്ക് പദ്ധതി കൈമാറും."" - പി.ബാബുദാസ്, മിയാവാക്കി നിർമ്മാണ വിദഗ്ദ്ധൻ

''പരിസ്ഥിതി സംരക്ഷണത്തിന് ഭാവി തലമുറയ്ക്ക് ഉത്തരമാണ് കാർബൺ ന്യൂട്രൽ പദ്ധതി. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിക്കുന്ന പാരിസ്ഥിതികം പദ്ധതിയുടെ ഭാഗമായുള്ള കർമ്മപദ്ധതിയാണിത്"" - മുസാഫർ അഹമ്മദ്, ഡെപ്യൂട്ടി മേയർ