@ കോഴിക്കോട് ജില്ലാപഞ്ചായത്ത് കോട്ട കാക്കാനും പിടിക്കാനും മുന്നൊരുക്കത്തോടെ മുന്നണികൾ
കോഴിക്കോട്: 1995ൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നത് മുതൽ എൽ.ഡി.എഫിന്റെ കുത്തകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. മൂന്നുപതിറ്റാണ്ടായി തുടരുന്ന ആധിപത്യം തുടരാനുള്ള മുന്നൊരുക്കവുമായാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങുന്നത്. എന്നാൽ പതിവിന് വിപരീതമായി സീറ്റ് നിർണയം ഉൾപ്പെടെ വേഗത്തിലാക്കി കോട്ട പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ യു.ഡി.എഫ് ധാരണയിലെത്തിക്കഴിഞ്ഞു. ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് പിടിക്കുക എന്നത് എൻ.ഡി.എയെ സംബന്ധിച്ചിടത്തോളം വിദൂരമായ സ്വപ്നമാണെങ്കിലും വോട്ട് ഉയർത്തുകയാണ് ലക്ഷ്യം. ഈ മാസം ആദ്യത്തിലോ രണ്ടാം വാരത്തിലോ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്ന പ്രതീക്ഷയിരിക്കെ അതിനു മുമ്പ് ഘടകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണ് മുന്നണികൾ. സംവരണ വാർഡുകൾ അറിഞ്ഞാൽ മാത്രമേ സിറ്റിഗ് സീറ്റുകൾ ഉൾപ്പെടെ മാറുന്ന കാര്യത്തിൽ പാർട്ടികൾ അന്തിമതീരുമാനം എടുക്കൂ.
ഡിവിഷൻ (2020)- 27
ഡിവിഷൻ (2025) - 28
സീറ്റ് നില
എൽ.ഡി.എഫ് ......... 18
സി.പി.എം................... 13
സി.പി.ഐ-------------- 2
ആർ.ജെ.ഡി ...............2
എൻ.സി.പി................. 1
യു.ഡി.എഫ് - 9
കോൺഗ്രസ് ............ 5
മുസ്ലിംലീഗ്................. 4
തുടരും ഭരണവും
വികസനവും-
ഷീജ ശശി
(ജില്ല പഞ്ചായത്ത് പ്രസിഡന്റ്)
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തായാണ് ഭരണം പൂർത്തീകരിക്കാൻ കഴിഞ്ഞതെന്നത് അഭിമാന നേട്ടമാണ്. ജില്ലാ പഞ്ചായത്ത് പരിധിയിൽ വരുന്ന 70 പഞ്ചായത്തുകളിലും കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, വനിതാ-ശിശു, കായിക, ഭിന്നശേഷി, സാമൂഹിക മേഖലകളിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരാൻ സാധിച്ചത്. സംസ്ഥാനത്ത് ആദ്യമായി ജെൻഡർ പഠനം ഏറ്റെടുത്ത് നടപ്പാക്കുന്ന ജില്ല പഞ്ചായത്താകാൻ സാധിച്ചു. ജില്ല വനിതാ ശിശുവികസന ഓഫീസ് മുഖേന വനിതകളുടെ സമഗ്ര വികസനത്തിനായി ജ്വാല പദ്ധതി നടപ്പാക്കി.
പരാജയം പതിവാക്കിയ
ഭരണ സമിതി
ഐ.പി രാജേഷ്
(ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ്)
കഴിഞ്ഞ അഞ്ചുവർഷത്തിൽ ജില്ലാ പഞ്ചായത്തിന് അഭിമാനത്തോടെ ഉയർത്തി കാട്ടാൻ തക്കതായ ഒരു പദ്ധതിയും ഇല്ലെന്നതാണ് യാഥാർത്ഥ്യം. പദ്ധതി നിർവഹണത്തിന് കഴിഞ്ഞ നാലുവർഷമായി 14 ജില്ലാ പഞ്ചായത്തുകളിൽ പത്താം റാങ്കിന് മുകളിലാണ് കോഴിക്കോട്. വിലങ്ങാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഒരുകോടി പാക്കേജ് എന്നത് പ്രഖ്യാപനത്തിൽ ഒരുങ്ങി. ദുരിത ബാധിതർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കാൻ പോലും ഭരണസമിതിയ്ക്ക് കഴിഞ്ഞില്ല. യു.ഡി.എഫ് അധികാരത്തിൽ എത്തുന്നതോടെ വികസന മുരടിപ്പ് അവസാനിക്കും.
എൻ.ഡി.എ മുന്നേറ്റമുണ്ടാക്കും
ടി.ദേവദാസ്
(ബി.ജെ.പി റൂറൽ ജില്ലാ പ്രസിഡന്റ് )
മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് മുന്നേറ്റമുണ്ടാക്കും. മൂന്ന് പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തിനെതിരെ ജനവികാരം ശക്തമാണ്. പ്രതിപക്ഷത്തിന്റെ പരാജയവും തുറന്നു കാണിക്കും. ദേശീയ പാതകളടക്കം കേരളത്തിന്റെ അഭിമാനകരമായ പദ്ധതികളെല്ലാം കോന്ദ്ര സർക്കാരിന്റേതാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന മാതൃകകളെ സ്വന്തമാക്കി മുന്നോട്ടുപോകുന്ന നടപടി ഇനി അധികകാലം നടക്കില്ല. ഇത്തവണ ജില്ലാപഞ്ചായത്തിൽ ബി.ജെ.പി.നേതൃത്വത്തിൽ എൻ.ഡി.എ വലിയ മുന്നേറ്റമുണ്ടാക്കും.