വന്യമൃഗശല്യത്തിൽ കൃഷി തകിടം മറിഞ്ഞു, പട്ടണങ്ങളിൽപോലും പന്നി പരാക്രമം

Thursday 06 November 2025 1:39 AM IST

തിരുവനന്തപുരം: വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി കർഷകർ കൃഷി ഉപേക്ഷിക്കുന്നു. കാട്ടുപന്നി, കുരങ്ങ് ,ആന,കാട്ടുപോത്ത്, മയിൽ എന്നിവയുടെ ശല്യം കാരണം കൃഷി നഷ്ടമാകുന്ന വേദനയിലാണിപ്പോൾ കർഷകർ. അദ്ധ്വാനത്തിന്റെ പത്തിലൊന്നു പോലും വരില്ല കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാരം.

കാട്ടുപന്നിയും കുരങ്ങും പട്ടണ പ്രദേശങ്ങളിൽവരെ എത്തിക്കഴിഞ്ഞു. ആളൊഴിഞ്ഞതും കാടുപിടിച്ചതുമായ പ്രദേശങ്ങളിൽ തമ്പടിക്കുന്ന ഇവ പെറ്റുപെരുകിയതോടെ വൻ കൃഷിനാശം വരുത്തുകയാണ്.

ഏറ്റവും കൂടുതൽ നാശം വരുത്തുന്നത് കാട്ടുപന്നികളാണ്. കൃഷിയിറക്കി അധിക നാളാകുംമുമ്പേ ആക്രമണം തുടങ്ങും. മണ്ണ് കുത്തിയിളക്കി കിഴങ്ങുവർഗ്ഗ വിളകളടക്കം നശിപ്പിക്കും. വാഴ മാത്രമല്ല, റബ്ബർമരങ്ങളുടെ തൊലിപോലും കടിച്ചെടുത്ത് നാശം വരുത്തും. മയിൽ, കുരങ്ങ് ,വവ്വാൽ തുടങ്ങിയവ മറ്റുവിളകളും നശിപ്പിക്കുന്നു . നൂറുകണക്കിന് കർഷകരാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്.

നഷ്ടപരിഹാരം തുച്ഛം

കൃഷി നശിച്ചാൽ നഷ്ടപരിഹാരം തിട്ടപ്പെടുത്തേണ്ടത് കൃഷി ഓഫീസർമാരാണ്. എത്രരൂപയുടെ നഷ്ടം ഉണ്ടായി എന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് പകരം എത്ര വിസ്തൃതിയിലെ കൃഷി നശിച്ചു എന്ന ഒഴുക്കൻ റിപ്പോർട്ടാണ് പലപ്പോഴും നൽകുന്നത്. ഇക്കാരണത്താൽ ഫോറസ്റ്റ് ഓഫീസിൽ നിന്നു തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു.

നഷ്ടപരിഹാരം

(ഒരെണ്ണത്തിനു വീതം)

കുലച്ച തെങ്ങ് ........................................ 770 രൂപ

കുലയ്ക്കാത്ത തെങ്ങ്............................... 375

ടാപ്പ് ചെയ്യുന്ന റബർ............................330

ടാപ്പ് ചെയ്യാത്ത റബർ.........................220

കശുമാവ് ..................................................165 കുലച്ച വാഴ................................................110 കുലയ്ക്കാത്ത വാഴ.......................................83 കുരുമുളക്..................................................83 കപ്പ ( 25 സെന്റിന് )................................. 165