ഡിജിറ്റൽ റീസർവേയ്ക്ക് 50കോടി
തിരുവനന്തപുരം: ഡിജിറ്റൽ റീസർവേയുടെ രണ്ടാം ഘട്ടത്തിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടിൽ നിന്ന് 50കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 മാർച്ച് 31 വരെയുള്ള ചെലവുകൾക്കായാണ് ഈ തുക. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കമ്മിഷൻ പുനഃസംഘടിപ്പിച്ചു. ചെയർമാനായി ഹൈക്കോടതി റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, അംഗങ്ങളായി തൃശൂർ സ്വദേശി സെബാസ്റ്റ്യൻ ചൂണ്ടൽ, കൊട്ടാരക്കര സ്വദേശി ജി.രതികുമാർ എന്നിവരെ ഉൾപ്പെടുത്തി.
കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ 2016 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തോടെ അനുവദിക്കാൻ തീരുമാനിച്ചു. കെൽട്രോണിലെ എക്സിക്യൂട്ടിവ്, സൂപ്പർവൈസറി ക്യാറ്റഗറി ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2017 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തോടെ നടപ്പാക്കും. കേരള റബ്ബർ ലിമിറ്റഡിന്റെ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടറായ ഷീല തോമസിന്റെ സേവന കാലാവധി ഒരു വർഷത്തേക്ക് നീട്ടി.
ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായ ജോൺ സെബാസ്റ്റ്യന്റെ സേവന കാലാവധി നീട്ടി.
അഴീക്കൽ തുമറമുഖ വികസനത്തിനായി മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് സമർപ്പിച്ച, ഡി.പി.ആറിനും സാമ്പത്തിക ഘടന റിപ്പോർട്ടിനും അംഗീകാരം നൽകിയ ഉത്തരവിലെ നിബന്ധനകൾ ധന വകുപ്പിന്റെ അനുമതിക്ക് വിധേയമായി ഭേദഗതി ചെയ്യാൻ തീരുമാനിച്ചു.വനിതാ വികസന കോർപ്പറേഷന് 300 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരന്റി 15 വർഷത്തേയ്ക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും. ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് രണ്ട് ഏക്കർ ഭൂമി തീയേറ്റർ സമുച്ചയം നിർമ്മിക്കുന്നതിന് കെ.എസ്.എഫ്. ഡി.സിക്ക് പാട്ടത്തിന് നൽകും. പ്രതിവർഷം ആർ ഒന്നിന് 100 രൂപ നിരക്കിലാണ് 10 വർഷത്തേക്ക് പാട്ടത്തിന് നൽകുക.