കെ.പി.പിഎല്ലിലെ 181 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും
തിരുവനന്തപുരം: വെള്ളൂർ കെ.പി.പി.എല്ലിലെ 181 കരാർ ജീവനക്കാരേയും സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞതിനെ തുടർന്ന് സംസ്ഥാനം ഏറ്റെടുത്ത വെള്ളൂർ എച്ച്.എൻ.എൽ ആണ് കെ.പി.പി.എൽ ആക്കിയത്.
ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ച റസല്യൂഷൻ പ്ലാൻ പ്രകാരം തൊഴിലാളികൾക്കുള്ള സാമ്പത്തിക ബാദ്ധ്യതകൾ ഉൾപ്പെടെ ഒടുക്കിയാണ് സംസ്ഥാനം എച്ച്.എൻ.എൽ ഏറ്റെടുത്തത്. കെ.പി.പി.എൽ പ്രവർത്തനം തുടങ്ങിയതിനുശേഷം പഴയ തൊഴിലാളികളെ തന്നെയാണ് പരമാവധി തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിച്ചത്. എച്ച്. എൻ.എൽ അടച്ചതുമൂലം തൊഴിൽ നഷ്ടപ്പെട്ടവരെ സംരക്ഷിക്കുക എന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.
കെ.പി.പി.എല്ലിന്റെ തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ജീവനക്കാരുടെ ഘടനയെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി നിയോഗിച്ച ഹ്യൂമൻ റിസോഴ്സ് കമ്മിറ്റി, പ്രൊഡക്ടിവിറ്റി കൗൺസിൽ എന്നിവയുടെ പഠന റിപ്പോർട്ടുകളുടേയും ധനകാര്യവകുപ്പിന്റെ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്.
സംസ്ഥാന സർക്കാർ ഏറ്റെടുത്തശേഷം സ്ഥാപനത്തിന്റെ വിറ്റുവരവ് ക്രമാനുഗതമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു. 2025- 26 സാമ്പത്തിക വർഷം ഇതുവരെ 85 കോടിയുടെ വിറ്റുവരവ് നേടി. 741 കോടിയുടെ അടുത്തഘട്ട വിപുലീകരണ പദ്ധതി പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.