നാടിന്റെ നൊമ്പരമായി നിരഞ്ജൻ
കൊട്ടാരക്കര: പുത്തൂരിൽ പൊട്ടക്കിണറ്റിൽ വീണുമരിച്ച അഞ്ചാം ക്ളാസ് വിദ്യാർത്ഥി നിരഞ്ജന്റെ (10) മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇന്നലെ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും കൂട്ടുകാരുമടക്കം വൻ ജനാവലി കാത്തുനിന്നിരുന്നു.
പൊതുദർശനത്തിന് ശേഷം 2 മണിയോടെയാണ് വീട്ടവളപ്പിൽ സംസ്കരിച്ചത്. പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് നിരഞ്ജൻ. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ട്യൂഷൻ സെന്ററിൽ നിന്നു സമീപത്തെ കാവിൽ പായസം വാങ്ങാൻ പോയതാണ് കുട്ടി. മറ്റൊരു കുട്ടിയെ തിരികെ കൊണ്ടുവിടാൻ പോയി മടങ്ങുമ്പോൾ കാൽവഴുതി കിണറ്റിൽ വീണതാകുമെന്നാണ് നിഗമനം. തേവലപ്പുറം കരുവായം കൊച്ചുവീട്ടിൽ സി.ലിജിയുടെയും ലക്ഷ്മി രാജിന്റെയും മകനാണ്. ക്ളാസ് ലീഡറായിരുന്ന നിരഞ്ജൻ അദ്ധ്യാപകർക്കും മറ്റ് വിദ്യാർത്ഥികൾക്കുമൊക്കെ പ്രിയപ്പെട്ടവനായിരുന്നു. നന്നായി പഠിക്കും. കലാ പരമായും മികവുണ്ട്. ഏതിനും മുന്നിലുണ്ടാകും. ആ നിലയിൽ എല്ലാവരുടെയും ഇഷ്ടം നേടിയെടുത്ത കുട്ടിയാണ് അപ്രതീക്ഷിതമായി കടന്നുപോയത്. ഇന്നലെ സ്കൂളിലെ അദ്ധ്യാപകരും നിരഞ്ജന്റെ കൂട്ടുകാരുമൊക്കെ വിങ്ങിപ്പൊട്ടിയാണ് അവന് യാത്രാമൊഴിയേകിയത്.