ജില്ലയിലെ 4 മിടുക്കികൾക്ക് ഉജ്ജ്വല ബാല്യം പുരസ്കാരം
കൊല്ലം: വ്യത്യസ്ത മേഖലകളിൽ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാനും പ്രചോദനം നൽകാനുമായി സംസ്ഥാന തലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വലബാല്യം പുരസ്‌കാരം ജില്ലയിൽ നാല് പെൺകുട്ടികൾക്ക്.
പ്രകൃതിയുടെ ശബ്ദമായി എൻ. നിവേദ്യലാൽ
കുഞ്ഞുപ്രായത്തിൽ പ്രകൃതിക്കായി മുഴക്കിയ ശബ്ദമാണ് ആലപ്പുഴ കെ.എൻ.എം ജി.യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി എൻ. നിവേദ്യലാലിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ആലപ്പുഴ ജില്ലയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ സൂക്ഷ്മമായി അവതരിപ്പിച്ച് ആലപ്പുഴയിലെ ബാല പാർലമെന്റിൽ പരിസ്ഥിതി മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റിൽ ദേശീയ ഹരിത സേന സംഘടിപ്പിച്ച കുട്ടികളുടെ ഗ്രീൻ അസംബ്ലിയിൽ കരുനാഗപ്പള്ളിയിലെ മലിനീകരണ പ്രശ്നങ്ങൾ അവതരിപ്പിച്ചും ശ്രദ്ധനേടി. പ്രസംഗത്തിൽ മിടുക്കിയായ നിവേദ്യ 2024ൽ ആലപ്പുഴയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. റോഡിയോ ജോക്കിയായും തിളങ്ങുന്നു. കഴിഞ്ഞയാഴ്ച എ.പി.ജെ.അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്കാരം ലഭിച്ചു. ക്ലാപ്പന തുണ്ടത്തിൽ പ്രവാസിയായ ലാൽ വിശ്വംഭരന്റെയും ആലപ്പുഴ കെ.എൻ.എം ജി.യു.പി.എസ് അദ്ധ്യാപിക നിഷ ലാലിന്റെയും മകളാണ്. ബി.ടെക് വിദ്യാർത്ഥിയായ നിവേദ് സഹോദരനാണ്.
ഗോപിക കണ്ണന് മറ്റൊരാ പൊൻകിരീടം
തുടർച്ചയായി സമ്മാനങ്ങൾ സ്വന്തമാക്കുന്ന ഗോപിക കണ്ണന് ലഭിച്ച പൊൻകിരീടമാണ് ഉജ്ജ്വലബാല്യം പുരസ്കാരം. എം. മുകുന്ദൻ രചിച്ച പാരീസ് നോവൽ നാലാംപതിപ്പിന്റെ മുഖചിത്രവും ഉൾപ്പേജുകളിലെ ചിത്രങ്ങളും വരച്ചത് ഗോപികയായിരുന്നു. സി.ബി.എസ്.ഇ ജില്ലാ കലോത്സവങ്ങളിൽ ചിത്രരചനാ വിഭാഗത്തിലെ അഞ്ചിനങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനക്കാരിയാണ്. കേന്ദ്ര ഊർജ്ജ സംരക്ഷണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് ഉപരാഷ്ട്രപതിയിൽ നിന്നു പുരസ്കാരം നേടിയിരുന്നു. സി.ബി.എസ്.എ ഒന്നാം ക്ലാസ് മലയാളം പാഠാവലിയിലെ ചിത്രങ്ങൾ വരച്ചു. ശ്രദ്ധേയമായ പല എക്സിബിഷനുകളിലും ഗോപികയുടെ പെയിന്റിംഗുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊല്ലം കളക്ടറേറ്റിന്റെ ചുവരുകളിൽ കൊല്ലത്തിന്റെ ചരിത്രം വർണങ്ങളിൽ തീർത്ത സംഘത്തിലും ഗോപിക ഉണ്ടായിരുന്നു. കൊല്ലം വടക്കേവിള ശ്രീവിലാസം നഗറിൽ കണ്ണന്റെയും മഞ്ജുവിന്റെയും മകളാണ്. കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. മീനാക്ഷി സഹോദരി.
പരിമിതികളെ മറികടന്ന് ആർ. അനശ്വര അനീഷ്
പരിമിതികളെ മറികടന്നുള്ള മികവാണ് അഞ്ചാം ക്ലാസുകാരി ആർ. അനശ്വര അനീഷിനെ ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അർഹയാക്കിയത്. ഗ്ലോബൽ ഡെവലപ്പ്മെന്റൽ ഡിലേയുള്ള അനശ്വരയ്ക്ക് സമപ്രായക്കാരെപ്പോലെ സംസാരിക്കാനാകില്ല. ഭാരവും കുറവാണ്. നൃത്തം, പാട്ട്, ചിത്രരചന എന്നിവയ്ക്ക് പുറമേ കായികമത്സരങ്ങളിലും അനശ്വര സമ്മാനങ്ങൾ വാരിക്കൂട്ടുന്നു.മേക്കോൺ എസ്.സി.ഡി യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂന്നാം വയസിൽ ന്യുമോണിയ ബാധിച്ച് മരണത്തിന്റെ വക്കോളമെത്തിയിരുന്നു. നാലാം ക്ലാസ് മുതലാണ് ആരോഗ്യ പ്രശ്നങ്ങൾ ഒരുപരിധിവരെ ഒഴിഞ്ഞ് സ്ഥിരമായി സ്കൂളിൽ പോയിത്തുടങ്ങിയത്. പഠനത്തിലും മിടുക്കിയാണ്. എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ പത്ത് പേരിൽ ഒരാളാണ്. കരിക്കോട് പേരൂർ വട്ടവിള വീട്ടിൽ പരേതനായ അനീഷിന്റെയും രഞ്ജിതയുടെയും മകളാണ്.
വർ വിസ്മയമായി ആർ. അഞ്ജന
വിസ്മയ വരകൾ കൊണ്ട് വസന്തം സൃഷ്ടിച്ചാണ് ആർ. അഞ്ജന ഉജ്ജ്വലബാല്യം പുരസ്കാരം സ്വന്തമാക്കിയത്. മസ്കുലർ ഡിസ്ട്രോഫി ബാധിതയായ അഞ്ജന വീൽചെയറിലാണ് സഞ്ചരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നവകേരള സദസിൽ അതിഥിയായി പങ്കെടുത്തിരുന്നു. ലളിതകല അക്കാഡമി കോഴിക്കോട്ട് സംഘടിപ്പിച്ച സ്വർണചിത്ര ദേശീയ പെയിന്റിംഗ് എക്സിബിഷനിൽ പങ്കെടുത്തിട്ടുണ്ട് . നിരവധി പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ വരച്ചിട്ടുള്ളതിന് പുറമേ പെയിന്റിംഗ് എക്സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥിനിയാണ്. കരുനാഗപ്പള്ളി കോഴിക്കോട് നീരാഞ്ജനത്തിൽ ഡി. ജയമോന്റെയും കെ. രജനിയുടെയും മകളാണ്.