വാഹനവുമായി നഗരത്തിലിറങ്ങിയവർ സൂക്ഷിച്ചോളൂ, തുടർച്ചയായി ഈ പണിചെയ്‌താൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

Thursday 06 November 2025 12:49 AM IST

പാലക്കാട്: റോഡ് അപകടങ്ങളിൽ കാൽനടയാത്രക്കാർക്ക് മരണവും പരിക്കും കൂടുതലായി സംഭവിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ആവശ്യമായ സുരക്ഷയും ഡ്രൈവർമാർക്ക് ആവശ്യമുള്ള ബോധവത്കരണവും നൽകുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പാലക്കാട് നഗരത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 24 വാഹനങ്ങൾക്കെതിരെ കേസെടുത്തു.

ഒരാൾ മഫ്‌തിയിൽ സീബ്രാ ക്രോസിംഗിന് അടുത്ത് നിന്ന് ദൃശ്യങ്ങൾ പകർത്തുകയും നിയമലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ കുറച്ച് അപ്പുറത്തുള്ള സ്‌ക്വാഡ് നടപടി എടുക്കുകയും ആണ് അവലംബിച്ച രീതി. തുടർച്ചയായി നിയമ ലംഘനത്തിൽ ഉൾപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പാലക്കാട് ആർ.ടി.ഒ സി.യു.മുജീബ് അറിയിച്ചു.

പരിശോധനയിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ പ്രവീൺകുമാർ, അൻസാർ, സജിത്ത്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സജീവ്, ദിലീപ്, അനിൽകുമാർ, റിയാസ് വൈശാഖ് എന്നിവർ പങ്കെടുത്തു.