പാർട്ടികളുടെ ചർച്ചകൾ സജീവം; സ്ഥാനാർത്ഥി ചിത്രം ഉടൻ വ്യക്തമാവും
മലപ്പുറം: ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണ ചിത്രം കൂടി വ്യക്തമായതോടെ സ്ഥാനാർത്ഥി നിർണ്ണയ നടപടികൾ വേഗത്തിലാക്കി രാഷ്ട്രീയ പാർട്ടികൾ. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിൽ 41 ഇടങ്ങളിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ഇതിന് പുറമെ പട്ടികജാതി സ്ത്രീ സംവരണത്തിൽ അഞ്ചെണ്ണവും പട്ടിക വർഗ സ്ത്രീ സംവരണത്തിൽ ഒന്നും അടക്കം ആകെ 47 അദ്ധ്യക്ഷ സ്ഥാനങ്ങൾ വനിത സംവരണത്തിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ വനിതകൾക്ക് പുറമെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ ആയിരിക്കണം. ഇതോടെ 42 ഗ്രാമപഞ്ചായത്തുകളിലെ അദ്ധ്യക്ഷ സ്ഥാനമാണ് ജനറൽ വിഭാഗത്തിലുള്ളത്.
ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടെണ്ണത്തിലും വനിത സംവരണമാണ്. ഒരിടത്ത് പട്ടിക ജാതി സംവരണവുമുണ്ട്. ഇതോടെ ജനറൽ വിഭാഗത്തിൽ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലെ അദ്ധ്യക്ഷ സ്ഥാനമാണുള്ളത്. ഗ്രാമപഞ്ചായത്തുകളിലെ അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച സംവരണം പുറത്തുവന്നതോടെ മത്സരിപ്പിക്കേണ്ട സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കൃത്യമായ നിലപാടെടുക്കുക പാർട്ടികളെ സംബന്ധിച്ച് കൂടുതൽ എളുപ്പമാവും. ഉടൻ തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി നേതൃത്വങ്ങൾ.
യു.ഡി.എഫിന്റെ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ തീരുമാനത്തിൽ എത്തിയിട്ടുണ്ട്. വാർഡ് വിഭജനത്തെ തുടർന്ന് അധികമായി വന്ന വാർഡുകളുടെ കാര്യത്തിൽ ചിലയിടങ്ങളിൽ തർക്കങ്ങളുണ്ട്. സീറ്റുകളുടെ കാര്യത്തിൽ കഴിഞ്ഞ തവണത്തെ സ്റ്റാറ്റസ്‌കോ നിലനിറുത്താനുള്ള തീരുമാനം മുസ്ലിം ലീഗിനും കോൺഗ്രസിനുമിടയിലെ തർക്കങ്ങളെ ഒരുപരിധി വരെ ഇല്ലാതാക്കുന്നുണ്ട്. നഗരസഭകളിലും ഏതാണ്ട് സ്ഥാനാർത്ഥികളുടെ ചിത്രമായിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി തദ്ദേശ തിരഞ്ഞെടുപ്പിനെ കാണണമെന്നും വിമത സ്ഥാനാർത്ഥിത്വത്തിലേക്ക് വഴിവയ്ക്കും വിധം കാര്യങ്ങൾ എത്തിക്കരുതെന്ന് കർശന നിർദ്ദേശം യു.ഡി.എഫ് ജില്ലാ നേതൃത്വം താഴേത്തട്ടിലേക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇരുപാർട്ടികളും ഒറ്റയ്ക്ക് മത്സരിച്ച മൂന്ന് പഞ്ചായത്തുകളിൽ ഇത്തവണയും ഇത് ആവർത്തിക്കാനാണ് സാദ്ധ്യത. വെൽഫെയർ പാർട്ടിയുമായി പ്രാദേശികതലത്തിൽ നീക്കുപോക്കിനും യു.ഡി.എഫ് ശ്രമിക്കുന്നതായി സൂചനയുണ്ട്. ഇത്തരം സീറ്റുകളിൽ സ്വതന്ത്രസ്ഥാനാർത്ഥി പരിവേഷത്തിലാവും മത്സരിക്കുക.
സീറ്റു സംബന്ധിച്ച് എൽ.ഡി.എഫിൽ ഘടകകക്ഷികളുമായി സി.പി.എം നേതൃത്വം ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പ്രത്യേകം ചുമതല നൽകിയിട്ടുണ്ട്. മുനിസിപ്പാലിറ്റികളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച ലിസ്റ്റ് ഏരിയ കമ്മിറ്റികൾ തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. യു.ഡി.എഫിലെ അസ്വാരസ്യം അവസരമാക്കാൻ ഇത്തരം വാർഡുകളിൽ സ്വതന്ത്രസ്ഥാനാർത്ഥി പരീക്ഷണം ആവർത്തിക്കും. കഴിഞ്ഞ രണ്ടുതവണകളായി നടപ്പിലാക്കിയ സാമ്പാർ മുന്നണി പരീക്ഷണം ആവർത്തിക്കില്ലെന്ന് പുറമേക്ക് വ്യക്തമാക്കുന്ന സി.പി.എം ഇതിനുള്ള സാദ്ധ്യതയുടെ വാതിൽ പൂർണ്ണമായും അടച്ചിടുന്നില്ല. എൻ.ഡി.എയിലെ ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി മുന്നോട്ടുപോവുകയാണ് ബി.ജെ.പി