നവജാത ശിശുവിനെ കിണറ്രിലെറിഞ്ഞു കൊന്ന അമ്മ അറസ്റ്റിൽ

Thursday 06 November 2025 2:32 AM IST

കണ്ണൂർ: കുറുമാത്തൂരിൽ 49 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ ജാബിറിന്റെ ഭാര്യ മുബഷീറയാണ് അറസ്റ്റിലായത്. ഇവരുടെ മകൻ ആമിഷ് അലനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.

കിണറിനോട് ചേർന്ന കുളിമുറിയിൽ നിന്ന് കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറിയപ്പോൾ കൈവഴുതി അബദ്ധത്തിൽ വീണതാണെന്നാണ് മുബഷീറ ആദ്യം പറ‌ഞ്ഞത്. യുവതി തന്നെയായിരുന്നു നിലവിളിച്ച് അയൽക്കാരെ കൂട്ടിയത്. അയൽവാസികളാണ് കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

എന്നാൽ, ആൾമറയും ഇരുമ്പ് ഗ്രില്ലുമുള്ള കിണറ്റിലേക്ക് കുഞ്ഞ് എങ്ങനെ അബദ്ധത്തിൽ വീഴുമെന്ന സംശയത്തെ തുടർന്ന് പൊലീസ് മുബഷീറയെ ചോദ്യം ചെയ്തു. തുടർന്ന് കുട്ടിയെ കിണറ്റിൽ എറിഞ്ഞതാണെന്ന് സമ്മതിക്കുകയായിരുന്നു. പ്രസവശേഷമുണ്ടായ മാനസിക പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.